സുരക്ഷാ മുൻകരുതലുകളില്ലാതെ 1454 അടി ഉയരത്തിൽ വെച്ച് വിവാഹാഭ്യര്‍ഥന; റഷ്യൻ പ്രണയിനികൾ അറസ്റ്റില്‍

അൽബനി : പല സാഹസികപ്രവൃത്തികളിലൂടെയും പ്രണയാഭ്യർഥന നടത്തുന്നതും പ്രണയം പ്രകടിപ്പിക്കുന്നതുമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിസാഹസികമായ പ്രവൃത്തിയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് റഷ്യൻ പ്രണയിനികൾ.
ലോകപ്രശസ്തമായ ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലുള്ള ആന്റിനക്ക് സമീപം നിന്ന് പ്രണയെത്തെക്കുറിച്ച് ബാനർ കെട്ടി അറിയിക്കുകയാണ് പ്രണയിനികള്‍ ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ആന്റിനയ്ക്ക് മുകളിൽ കയറി 'അധികാരത്തോടുള്ള മോഹത്തെ പ്രണയത്തിന്റെ ശക്തി കീഴടക്കുമ്പോൾ ലോകത്ത് സമാധാനമുണ്ടാകും' എന്ന വാചകമെഴുതിയ ബാനർ കെട്ടിയ ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും സെൽഫിയെടുക്കുകയുമായിരുന്നു. കറുത്ത വസ്ത്രവും മാസ്കും ധരിച്ചുകൊണ്ടായിരുന്നു സാഹസികപ്രകടനം. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെയാണ് മാൻഹട്ടന് മുകളിൽ 1,454 അടി ഉയരത്തിൽ ഇവർ നിന്നിരുന്നത്.
നെറ്റ്ഫ്ലിക്സിന്റെ പ്രശസ്തമായ സ്കൈവാക്കേഴ്സ് എ ലവ് സ്റ്റോറി എന്ന ഡോക്യുമെന്ററിയിലൂടെ ലോകമെമ്പാടും പരിചിതരായ റഷ്യൻ ദമ്പതികളായ ആഞ്ചല നിക്കോളാവും ഇവാൻ ബീർകസുമാണ് ഇവർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ അനുമതിയില്ലാതെ കയറി ഇതിനുമുൻപും ഇവർ വാർത്തകളിലിടം പിടിച്ചിട്ടുണ്ട്. ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ മുകളിൽ വെച്ച് ഇവാൻ ആഞ്ചലയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. പിന്നീട് താഴേക്കിറങ്ങിയ ഇരുവരെയും ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.











0 comments