കസാഖ് വഴിയുള്ള എണ്ണ വിതരണം റഷ്യ നിർത്തുന്നു; ജർമനിക്ക് തിരിച്ചടിയാവും

AFP PHOTO: RALF HIRSCHBERGER
ബെർലിൻ : ജർമനിയിലേക്കുള്ള കസാഖ് ക്രൂഡ് ഓയിൽ വിതരണം റഷ്യ നിർത്തലാക്കുമെന്ന് ഉപപ്രധാനമന്ത്രി അലക്സാണ്ടർ നോവാക് ബുധനാഴ്ച അറിയിച്ചു. മെയ് 1 മുതൽ ഡ്രുഷ്ബ (Druzhba) പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്യുന്ന എണ്ണയാണ് നിർത്തുന്നത്. ഇതോടെ ബെർലിനിലുള്ള പ്രധാന റിഫൈനറിക്ക് കുറവ് നികത്താൻ മറ്റ് സ്രോതസുകൾ കണ്ടെത്തേണ്ടി വരും.
ജർമൻ തലസ്ഥാനമായ ബെർലിനിലെ ഭൂരിഭാഗം ഇന്ധന ആവശ്യങ്ങളും നിറവേറ്റുന്ന പിസികെ ഷ്വെഡ്റ്റ് (PCK Schwedt) റിഫൈനറിക്ക് ഈ നീക്കം വലിയ തിരിച്ചടിയായിരിക്കും. എണ്ണ വിതരണത്തിന്റെ 17 ശതമാനം കസാക്കിസ്ഥാനെയാണ് ഈ റിഫൈനറി ആശ്രയിക്കുന്നത്. ഇറാൻ യുദ്ധം കാരണം ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ നീക്കം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ പുതിയ തീരുമാനം ജർമനിയുടെ ഇന്ധന സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നു.
സാങ്കേതികമായ കാരണങ്ങളാലാണ് ഈ നീക്കമെന്നാണ് റഷ്യയുടെ വിശദീകരണം. അതിനൊപ്പം ജർമ്മനിക്കാർ റഷ്യൻ എണ്ണ ഉപേക്ഷിച്ചവരാണ്, അതുകൊണ്ട് അവർക്ക് കുഴപ്പമൊന്നുമുണ്ടാകില്ല എന്നും റഷ്യ പ്രതികരിച്ചു.
റഷ്യയുടെ ഡ്രുഷ്ബ പൈപ്പ്‌ലൈൻ വഴി ജർമ്മനിയിലേക്കുള്ള കസാക്കിസ്ഥാന്റെ എണ്ണ കയറ്റുമതി കഴിഞ്ഞ വർഷം മൊത്തം 2.146 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. അതായത് പ്രതിദിനം ഏകദേശം 43,000 ബാരൽ. ഇത് 2024നേക്കാൾ 44 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2026ന്റെ ആദ്യ പാദത്തിൽ മാത്രം 7,30,000 ടൺ എണ്ണ ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ജർമനിയിലേക്കുള്ള വിതരണം പൈപ്പ്‌ലൈനിന്റെ വടക്കൻ ഭാഗത്തിലൂടെയാണ് നടക്കുന്നത്. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എണ്ണ എത്തിക്കുന്ന തെക്കൻ ഭാഗവുമായി ഇതിന് ബന്ധമില്ല. ജനുവരിയിൽ റഷ്യയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിച്ച ശേഷം തെക്കൻ ഭാഗം പ്രവർത്തനം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
2022ൽ റഷ്യ യുകൈൻ ആക്രമിച്ചതിനെത്തുടർന്ന് റഷ്യയും ജർമനിയും തമ്മിലുണ്ടായിരുന്ന ദീർഘകാല ഊർജ ബന്ധം അവസാനിച്ചിരുന്നു. ഇതിനുപിന്നാലെ ഷ്വെഡ്റ്റ് റിഫൈനറിയുടെ ഭൂരിഭാഗം ഓഹരി ഉടമകളായ റഷ്യൻ കമ്പനി റോസ്‌നെഫ്റ്റിന്റെ ഓഹരികൾ ജർമനി പിടിച്ചെടുക്കുകയും ഒരു ട്രസ്റ്റിഷിപ്പ് വഴി അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
റോസ്‌നെഫ്റ്റ് ജർമനി ഈ നടപടിയെ വിലയിരുത്തി വരികയാണെന്നും ഏത് പുതിയ സാഹചര്യത്തോടും പൊരുത്തപ്പെടുമെന്നും ജർമൻ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ജർമ്മനിയിലെ വിതരണ സുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള മറ്റ് മാർഗങ്ങൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കാൻ റോസ്‌നെഫ്റ്റ് ജർമനി തയ്യാറായിട്ടില്ല.











0 comments