Deshabhimani

അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്കയും റഷ്യയും നേർക്കുനേർ; ഉപരോധിച്ച കപ്പലിന് റഷ്യൻ സംരക്ഷണം

MARINARO
വെബ് ഡെസ്ക്

Published on Jan 07, 2026, 03:03 PM | 2 min read

അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിന്തുടർന്ന എണ്ണ കപ്പലിന് റഷ്യൻ നാവിക സേനയുടെ സംരക്ഷണം. സ്കോട്ട്ലൻഡിനും ഐസ്‌ലാൻഡിനും ഇടയിലെ സമുദ്രത്തിലാണ് ഇരു രാജ്യങ്ങളുടെയും നേർക്കുനേർ.


യു എസ് സൈന്യം മാരിനേര എന്ന കപ്പൽ പിടിച്ചെടുക്കാൻ പദ്ധതിയിട്ട് പിന്തുടർന്നു. എന്നാൽ ഇതിനെ ജീവനക്കാർ ചേർന്ന് പരാജയപ്പെടുത്തി. കരീബിയൻ കടലിൽ നിന്ന് വടക്കൻ അറ്റ്ലാന്റിക്കിലേക്ക് നീങ്ങി. പിന്നാലെ റഷ്യൻ നാവിക സേന എത്തി കപ്പലിന് സംരക്ഷണം തീർത്തു. ഇതോടെ സമുദ്രത്തിൽ ഇരു രാജ്യങ്ങളും നേർക്കുനേർ എത്തി.


നേരത്തെ ബെല്ല വൺ എന്നറിയപ്പെട്ടിരുന്ന കപ്പൽ മാരിനേര എന്ന് പേര് മാറ്റിയതാണ്. പുതിയ പേരോടെ റഷ്യൻ പതാകയിലേക്ക് മാറുകയും ചെയ്തു. ഈ കപ്പൽ ഇപ്പോൾ എണ്ണയോ മറ്റ് ചരക്കുകളോ വഹിക്കുന്നില്ല. എന്നാൽ ഈ കപ്പൽ നേരത്തെ എണ്ണക്കടത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് ആരോപണം. റഷ്യയുടെ ഷാഡോ ഫ്ലീറ്റിന്റെ ഭാഗമാണ് ഇതെന്നും യു എസ് ആരോപിക്കുന്നു.


BELLA 1


 വെനിസ്വേലയിലേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായ എണ്ണ ടാങ്കറുകൾ ഉപരോധിക്കാൻ കഴിഞ്ഞ മാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. വെനിസ്വേല സർക്കാർ യുഎസിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ കപ്പലുകൾ ഉപയോഗിക്കുന്നുണ്ടെന്ന് വരെ ഇതിന് ന്യായീകരണമായി പറഞ്ഞു വെക്കുകയും ചെയ്തു.


കഴിഞ്ഞ മാസം യുഎസ് മറൈനുകളും കോസ്റ്റ് ഗാർഡും ചേർന്ന് ഗയാനയിൽ നിന്ന് പുറപ്പെട്ട ദി സ്‌കിപ്പർ എന്ന വലിയ ക്രൂഡ് ഓയിൽ ടാങ്കർ ഇതുപോലെ പിടിച്ചെടുത്തിരുന്നു. സമാനമായ നീക്കമാണ് മരിനേരയ്ക്ക് നേരെയും നടത്തിയത്. അന്താരാഷ്ട്ര നിയമപ്രകാരം, ഒരു രാജ്യത്തിന്റെ പതാക പറക്കുന്ന കപ്പലുകൾ ആ രാജ്യത്തിന്റെ സംരക്ഷണത്തിലാണ്. മരിനോര ഇപ്പോൾ റഷ്യൻ പതാകയാണ് വഹിക്കുന്നത്.


"നിലവിൽ ഞങ്ങളുടെ കപ്പൽ റഷ്യൻ ഫെഡറേഷന്റെ സംസ്ഥാന പതാകയ്ക്ക് കീഴിലാണ്. അന്താരാഷ്ട്ര സമുദ്ര നിയ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് വടക്കൻ അറ്റ്ലാന്റിക്കിന്റെ അന്താരാഷ്ട്ര ജലാശയത്തിൽ സഞ്ചരിക്കുന്നു," എന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.


പിന്തുടരൽ നിർത്തണമെന്ന് റഷ്യ യുഎസിനോട് നയതന്ത്രപരമായ മാർഗ്ഗങ്ങളിൽ ആവശ്യം ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.


കരിമ്പട്ടികയിൽ പെടുത്തിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അനധികൃത എണ്ണയും, ഇറാനിയൻ ക്രൂഡ് ഓയിലും കടത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2024 ൽ യു എസ് ബെല്ല വണ്ണിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.


കഴിഞ്ഞ ആറ് മാസത്തിനിടെ ആഗോളതലത്തിൽ ഒരു ഡസനോ അതിലധികമോ കപ്പലുകൾ ഇത്തരം ഭീഷണി നേരിട്ടു. അവ തുറന്ന രജിസ്ട്രികളിൽ നിന്ന് സംരക്ഷണത്തിനായി റഷ്യൻ ഫ്ലാഗിലേക്ക് മാറി. അമേരിക്ക നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്കും കപ്പൽ പിടിച്ചെടുക്കലിനുമെതിരെ 'ഫ്ലാഗ് സ്റ്റേറ്റ്' മാറ്റുന്നത് ഒരു നിർണായക കവചമായി സ്വീകരിക്കപ്പെട്ടു. അല്ലാത്തവർക്ക് എല്ലാം കടൽപാതകളിൽ അമേരിക്കൻ കയ്യേറ്റം നേരിടേണ്ടി വന്നു.


ദുർബലമായ രാജ്യങ്ങളാണ് ഇതിന്റെ ഇരകളാവുന്നത്. ഗാബൺ, കുക്ക് ദ്വീപുകൾ, ബാർബഡോസ്, പലാവു, ഗാംബിയ, സിയറ ലിയോൺ, സാൻ മറിനോ, ഗിനിയ-ബിസാവു എന്നിങ്ങനെ അത്ര അറിയപ്പെടാത്ത രജിസ്ട്രികളിൽ ഉൾപ്പെടുന്ന കപ്പലുകൾ എല്ലാം ഭീഷണി നേരിട്ടു.


കഴിഞ്ഞ 18 മാസത്തിനിടെ റഷ്യയുമായും ഇറാനുമായും വ്യാപാരം നടത്തുന്ന നൂറുകണക്കിന് ടാങ്കറുകൾക്ക് യു എസ് ഉപരോധം നേരിട്ടു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home