print edition ഫ്രാൻസിൽ ജനരോഷം, തെരുവുകൾ കത്തി

ലിമോഗെസിലെ നഗരസഭാ മന്ദിരത്തിന് പ്രക്ഷോഭകർ തീയിട്ടപ്പോൾ
പാരിസ്: ആഴ്ചകളായിതുടരുന്ന വിദ്യാർഥി പ്രതിഷേധം സമീപകാല ചരിത്രത്തിലെ ഏറ്റവുംവലിയ ജനകീയ പ്രക്ഷോഭത്തിന് വഴിവച്ചതോടെ ഫ്രാൻസിലാകെ തെരുവുകളിൽ കലാപത്തീ പടർന്നു. ജീവിതച്ചെലവ് ക്രമാതീതമായി വർധിപ്പിക്കുന്ന വിലക്കയറ്റത്തിനെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധങ്ങൾ അക്രമത്തിലും കൊള്ളയിലും ഏറ്റുമുട്ടലിലും കലാശിച്ചു. 1,800-ലധികംപേർ അറസ്റ്റിലായെന്നാണ് ഒൗദ്യോഗിക വിവരം. പാരിസിൽ ഒരാൾ മരിച്ചു. പൊലീസ് പ്രക്ഷോഭകരെ അതിക്രൂരമായി നേരിട്ടതോടെയാണ് പ്രക്ഷോഭം കലാപമായത്. സെയ്ന്റ്-എറ്റിൻ നഗരത്തിൽ പ്രക്ഷോഭകന്റെ കൈപ്പത്തി അറ്റു. നിരവധിപേർക്ക് സാരമായി പരിക്കേറ്റു.
വിദ്യാർഥികളും ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്ത പ്രക്ഷോഭത്തിൽ എട്ട് ലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് സംഘാടകരും അഞ്ചരലക്ഷം പേർ പ്രക്ഷോഭത്തിനിറങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയവും പറയുന്നു. പാരിസിൽ റാലിയിൽ ഒന്നേകാൽ ലക്ഷത്തോളം പേർ പങ്കെടുത്തു. തീവ്രസ്വഭാവമുള്ള സംഘങ്ങൾ സുരക്ഷാ സേനയെ ആക്രമിക്കുകയും കട കൊള്ളയടിക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. സർക്കാർ കെട്ടിടങ്ങൾക്കും ആഡംബര കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും പൊലീസ് വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. ലിമോഗെസിലെ ചരിത്രപ്രസിദ്ധമായ നഗരസഭാ മന്ദിരത്തിന് തീയിട്ടു. 143 വർഷം പഴക്കമുള്ള കെട്ടിടത്തന്റെ ഒരു ഭാഗം തകരുന്ന ദൃശ്യം പുറത്തുവന്നു. ലിയോണിൽ വിനോദസഞ്ചാര ഓഫീസിനും തീയിട്ടു.
അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാണിച്ച് സെപ്തംബർ അവസാനത്തോടെ വിദ്യാർഥികളാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കൾക്കും വില കുതിച്ചത് ജനരോഷം തീവ്രമാക്കി. പൊതുവിപണിയിൽ ഇടപെടുന്നതിന് പകരം സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്താനാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കേണും തീരുമാനിച്ചത്. കോർപ്പറേറ്റ് അനുകൂല സർക്കാർ നയങ്ങൾ രാജ്യത്ത് സാമ്പത്തിക, സാമൂഹിക അസമത്വം രൂക്ഷമാക്കിയെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ജീവിതച്ചെലവ് ഏറുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിലാകെ ജനകീയപ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. ഇറ്റലിയിലെ മിലാനിലും പോർച്ചുഗലിലെ ലിബ്സണിലും ബെൽജിയത്തിലെ ബ്രസ്സൽസിലും ജനകീയ പ്രതിഷേധങ്ങളുയർന്നു.









0 comments