print edition യൂറോപ്പിലാകെ ജനരോഷം

പാരിസിലെ റിപ്പബ്ലിക് സ്-ക്വയറിന് സമീപം കാർ കത്തിയമരുന്നു
ബ്രസ്സൽസ്/ലിസ്ബൺ/മിലാൻ: രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്-മക്കുമെതിരെ യൂറോപ്പിലാകെ കൂറ്റൻ തൊഴിലാളി, -വിദ്യാർഥി പ്രക്ഷോഭം. ഫ്രാൻസിലാരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ചാണ് യുറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചത്. ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ തിരുത്തണമെന്നും ജീവിതച്ചെലവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളിലെയും തലസ്ഥാന നഗരങ്ങളിൽ പടുകൂറ്റൻ പ്രതിഷേധ റാലികൾ നടന്നു.
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ രാജ്യത്തെ പ്രധാന ട്രേഡ് യൂണിയൻ കോൺഫെഡറേഷനായ ജനറൽ കോൺഫെഡറേഷൻ ഓഫ് പോർച്ചുഗീസ് വർക്കേഴ്സിന്റെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന റാലി നടന്നു. കുറഞ്ഞ വേതനം, വർധിച്ചുവരുന്ന ജീവിതച്ചെലവ്, രൂക്ഷമായ ഭവന പ്രതിസന്ധി, ഇന്ധനവില വർധനവ് എന്നിവയ്ക്ക് എതിരെയായിരുന്നു സമരം. 2017 മുതൽ രാജ്യത്ത് വീടുകളുടെ വില ഇരട്ടിയിലധികമായി വർധിച്ചതായി പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ലെന്നാണ് പാർലമെന്ററി കാര്യ മന്ത്രി കാർലോസ് അബ്രെയു അമോറിം പ്രതികരിച്ചത്.
ഇറ്റലിയിലെ മിലാൻ, ബൊളോണിയ നഗരങ്ങളിൽ ഉയർന്ന ജീവിതച്ചെലവിനും സാമ്രാജ്യത്വ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന യുദ്ധങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭം അരങ്ങേറി. പൊതുജനങ്ങളുടെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അമ്പതിലധികം പ്രതിഷേധക്കാരെ മിലാനിൽ തടഞ്ഞുവെച്ചു.
ബെൽജിയത്തിലെ ബ്രസ്സൽസിലും ലീജിലും ഉന്നതവിദ്യാഭ്യാസ രംഗത്തെ ഫീസ് വർധനവിനും പൊതുസേവന മേഖലയിലെ ഫണ്ട് വെട്ടിക്കുറച്ചതിനുമെതിരെ വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും കൈകോർത്തു. ബ്രസ്സൽസ് സെൻട്രൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി. സമരം തടയാൻ പൊലീസ് വൻതോതിൽ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ സ്ഥിതി സംഘർഷഭരിതമായി.
ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂറോപ്പിൽ ഉയർന്നുവരുന്ന മുന്നേറ്റം വരും ദിവസങ്ങളിൽ ജർമനി, ഓസ്ട്രിയ, ഗ്രീസ് തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുമെന്നാണ് റിപ്പോർട്ട്. 12 മാസത്തിനുള്ളിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിർണായക തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്നത്.









0 comments