Deshabhimani

print edition ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ

brazil.png
വെബ് ഡെസ്ക്

Published on Oct 03, 2026, 01:30 AM | 1 min read

ബ്രസീലിയ : ബ്രസീലിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന നിർണായകമായ ഒന്നാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ നാടകീയതയും സുരക്ഷാ ആശങ്കയും. ഇടതുപക്ഷ സ്ഥാനാർഥിയായ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസനാരോയും അവസാനവട്ട പരസ്യ സംവാദത്തിൽനിന്ന് പിന്മാറി. ഞായറാഴ്ച നടക്കുന്ന ആദ്യവട്ട വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്റ് ലുലയ്ക്കാണ് പ്രവചനങ്ങളിൽ മുൻതൂക്കം. 13 സ്ഥാനാർഥികളിൽ ആർക്കും 50 വോട്ട്‌ കിട്ടിയില്ലെങ്കിൽ 25-ന് രണ്ടാംവട്ട വോട്ടെടുപ്പിൽ ലുലയും ഫ്ലാവിയോയും തമ്മിൽ കടുത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ.


ജനപ്രിയ മാധ്യമ ശൃംഖലയായ ‘ടിവി ഗ്ലോബോ' വ്യാഴാഴ്ച രാത്രി നടത്താനിരുന്ന സംവാദമാണ് റദ്ദാക്കിയത്. ചർച്ചയിൽ പങ്കെടുക്കുന്നതിന് പകരം ദശലക്ഷക്കണക്കിന് വരിക്കാരുള്ള യൂട്യൂബ് പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെടാനാണ് ലുല തീരുമാനിച്ചത്. അതേസമയം, കോടതി തനിക്കുമേൽ "സെൻസർഷിപ്പ്" അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ചാണ് മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ മകനായ ഫ്ലാവിയോ പിന്മാറിയത്. സംവാദത്തിൽ പങ്കെടുക്കാത്ത ലുലയുടെ ഒഴിഞ്ഞ കസേര വേദിയിൽ ഇടാൻ മാധ്യമത്തിന് അനുമതി നിഷേധിച്ച കോടതിവിധിക്കെതിരെയായിരുന്നു ബോൾസനാരോയുടെ പ്രതികണം. കോടതികളുടെ വ്യത്യസ്ത വിധികൾ നിയമപരമായ അനിശ്ചിതത്വം സൃഷ്ടിച്ചതിനാലാണ് സംവാദം റദ്ദാക്കിയതെന്ന് ടിവി ഗ്ലോബോ പ്രസ്താവനയിൽ വ്യക്തമാക്കി.


തെരഞ്ഞെടുപ്പ് ചൂടിലിരിക്കെ ബ്രസീൽ സുപ്രീംകോടതിക്ക് മുന്നിലുണ്ടായ ബോംബ് ഭീതി തലസ്ഥാന നഗരിയെ മണിക്കൂറുകളോളം ആശങ്കയിലാഴ്‌ത്തി. കോടതിയുടെ സുരക്ഷാവേലി ചാടിക്കടക്കാൻ ശ്രമിച്ച അജ്ഞാതനെ അറസ്റ്റ് ചെയ്തു. സമീപമുള്ള ബസ് സ്റ്റോപ്പിന് മുകളിലേക്ക് സംശയാസ്പദമായ രീതിയിൽ ബാഗ് എറിഞ്ഞതാണ് ബോംബ്ഭീതി പരത്തിയത്. മിലിട്ടറി പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ബാഗിൽ സ്ഫോടകവസ്തുക്കളില്ലെന്നു കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home