ഹംഗറിയിൽ പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പീറ്റർ മഗ്യാർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സംസാരിക്കുന്നു | Photo Credit: ATTILA KISBENEDEK / AFP
ബുഡാപെസ്റ്റ് : ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി പീറ്റർ മഗ്യാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിക്ടർ ഓർബനെ പരാജയപ്പെടുത്തി ഏകദേശം ഒരു മാസത്തിന് ശേഷമാണ് അധികാര കൈമാറ്റം. ഇതോടെ ഓർബന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിനാണ് അന്ത്യമായത്.
നാൽപ്പത്തിയഞ്ചുകാരനായ മഗ്യാറാണ് ഹംഗറിയിലെ മിതവാദി വലതുപക്ഷ പാർട്ടിയായ തിസ്സയെ (Tisza) നയിക്കുന്നത്. വലിയ മാറ്റങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് മഗ്യാർ അധികാരത്തിലെത്തിയത്. ഓർബന്റെ ഭരണത്തിന് കീഴിൽ വർഷങ്ങളോളം നീണ്ടുനിന്ന സാമ്പത്തിക അനിശ്ചിതത്വത്തിനും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള പ്രധാന സഖ്യകക്ഷികളുമായുള്ള ബന്ധത്തിലെ വിള്ളലുകൾക്കും പരിഹാരം കാണുമെന്നതാണ് മഗ്യാറിന്റെ പ്രധാന വാഗ്ദാനം.
ഹംഗേറിയൻ രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ടാണ് പീറ്റർ മഗ്യാർ അധികാരത്തിലെത്തിയത്. 199 സീറ്റുകളിൽ 141 എണ്ണത്തിലും വിജയിച്ച് വൻ ഭൂരിപക്ഷത്തോടെയാണ് മഗ്യാറുടെ പാർട്ടി പാർലമെന്റിൽ അധികാരം പിടിച്ചെടുത്തത്.
"ഭരണമാറ്റത്തിന്റെ കവാടത്തിലൂടെ ചുവടുവെക്കാൻ"ഹംഗേറിയൻ ജനതയെ ക്ഷണിച്ചു കൊണ്ടാണ് പീറ്റർ മഗ്യാർ സത്യപ്രതിജ്ഞ ചെയ്തത്.
അധികാരമേൽക്കുന്ന മഗ്യാർ ഭരണകൂടത്തിന് മുന്നിൽ ഒട്ടേറെ വെല്ലുവിളികളാണുള്ളത്. വിക്ടർ ഓർബന്റെ ഭരണകാലത്ത് തകർന്ന യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നതാണ് ഇതിൽ പ്രധാനം. രാജ്യത്തിന്റെ തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക, ബജറ്റ് കമ്മി പരിഹരിക്കുക എന്നിവയും പുതിയ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ട്.
യൂറോപ്യൻ യൂണിയൻ തടഞ്ഞുവെച്ചിരിക്കുന്ന ഏകദേശം 20 ബില്യൺ ഡോളറിന്റെ ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള കരാറിലെത്താനാണ് പുതിയ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. മുൻ പ്രധാനമന്ത്രി ഓർബന്റെ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളിലും നിയമവാഴ്ചയിലെ പ്രശ്നങ്ങളിലും ആശങ്ക പ്രകടിപ്പിച്ചാണ് ഈ തുക യൂറോപ്യൻ യൂണിയൻ തടഞ്ഞുവെച്ചത്.
ഓർബന്റെ ഭരണകാലത്ത് റഷ്യയുമായുള്ള ബന്ധം ആഴത്തിലായതോടെ ഹംഗറി യൂറോപ്യൻ യൂണിയനിൽ നിന്ന് ഒറ്റപ്പെട്ടിരുന്നു. റഷ്യക്കെതിരായ ഉപരോധങ്ങളെ എതിർക്കാനും ഉക്രെയ്‌നിന് പിന്തുണ തടയാനും തന്റെ വീറ്റോ അധികാരം ഓർബൻ ദുരുപയോഗം ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ നിലപാടുകളിൽ നിന്ന് മാറി യൂറോപ്യൻ യൂണിയന്റെ ഭാഗമായി മുന്നോട്ട് പോകാനാണ് മഗ്യാർ ശ്രമിക്കുന്നത്.
2024ന് മുൻപ് ഓർബന്റെ ഭരണകക്ഷിയായ ഫിഡെസിലെ (Fidesz) പ്രമുഖ അംഗമായിരുന്ന പീറ്റർ മഗ്യാർ. ഫിഡെസുമായുണ്ടായ പരസ്യമായ തർക്കത്തിന് പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവായി ഉയർന്നുവന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യൂറോപ്പിലെ ഉറ്റ കൂട്ടാളിയായ ഓർബൻ തീവ്രദേശീയതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും വക്താവാണ്. രാഷ്‌ട്രീയനിലപാടുകളിൽ യാഥാസ്ഥിതികനാണെങ്കിലും, തീവ്രദേശീയവാദിയായ ഓർബനെ പരാജയപ്പെടുത്താൻ ഇടതുപക്ഷ കക്ഷികൾ മിക്കവയും മഗ്യാറിനെ പിന്തുണച്ചു. ഫലം പുറത്തുവന്നതിനു പിന്നാലെ വിക്ടർ ഓർബൻ പരാജയം ഔദ്യോഗികമായി സമ്മതിക്കുകയായിരുന്നു. 2010 മുതൽ അധികാരത്തിൽ തുടരുന്ന ഓർബന്റെ പതനം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഹംഗറി കണ്ട ഏറ്റവും വലിയ രാഷ്ട്രീയമാറ്റമായാണ് കണക്കാക്കപ്പെടുന്നത്.









0 comments