വിസ റദ്ദാക്കുമെന്ന് യുഎസ് എംബസി ഭീഷണിപ്പെടുത്തിയതായി പനാമ പ്രസിഡന്റ്

photo credit: José Raúl Mulino facebook
പനാമ സിറ്റി : ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസി ഭീഷണിപ്പെടുത്തിയതായി പനാമ പ്രസിഡന്റ് ഹോസെ റൗൾ മുലീനോ. ചൈനയുമായുള്ള ബന്ധം പരിമിതപ്പെടുത്താൻ ട്രംപ് ഭരണകൂടം പനാമയിൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് പനാമയിലെ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് യുഎസ് എംബസിയിലെ ഒരാൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കിയത്. വാർത്താസമ്മേളനത്തിലായിരുന്നു മുലീനോ വിവരം വെളിപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ അമേരിക്കയുമായി നിലനിർത്താൻ ആഗ്രഹിക്കുന്ന നല്ല ബന്ധത്തിന് തടസമാണെന്നും മുലീനോ പറഞ്ഞു. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പനാമയിലെ യുഎസ് എംബസി അഭിപ്രായത്തിൽ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ചാർലി കിർക്കിന്റെ കൊലപാതകത്തിനുപിന്നാലെ ആറ് വിദേശികളുടെ വിസ യുഎസ് റദ്ദാക്കിയിരുന്നു. കൊലപാതകത്തെപ്പറ്റി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചവരുടെ വിസയാണ് റദ്ദാക്കിയത്. ഏപ്രിലിൽ, കോസ്റ്ററിക്ക മുൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ഓസ്കാർ ഏരിയാസ് തന്റെ വിസ യുഎസ് റദ്ദാക്കിയതായി പറഞ്ഞു. ജൂലൈയിൽ യുഎസ് തന്റെ വിസ റദ്ദാക്കിയതായി കോസ്റ്ററിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് വനേസ കാസ്ട്രോ പറഞ്ഞു.










0 comments