വെസ്റ്റ്‌ബാങ്കിൽ പ്രവർത്തിക്കുന്നതിൽനിന്ന് അൽജസീറയെ വിലക്കി പലസ്തീൻ

photo credit: X
ഗാസ സിറ്റി > ഇസ്രയേലിന്റെ ഗാസയിലെ കടന്നാക്രമണം തത്സമയം റിപ്പോർട്ടുചെയ്യുന്ന അൽ ജസീറ മാധ്യമത്തെ വെസ്റ്റ്‌ബാങ്കിൽ പ്രവർത്തിക്കുന്നതിൽനിന്നും വിലക്കി പലസ്തീൻ സർക്കാർ. വെസ്റ്റ്‌ബാങ്കിൽ ഭാഗികമായി അധികാരമുള്ള പലസ്തീൻ സർക്കാർ ഇസ്രയേലുമായി സുരക്ഷാവിഷയങ്ങളിൽ ചേർന്നുപ്രവർത്തിക്കുന്നുണ്ട്.
തദ്ദേശീയ ജനതയെ പുറത്താക്കി വെസ്റ്റ്‌ബാങ്കിനെ പൂർണമായും അധീനപ്പെടുത്താനുള്ള ഇസ്രയേൽ നടപടികൾക്ക് പിന്തുണ നൽകുന്ന പലസ്തീൻ സർക്കാർ ജെനീൻ അഭയാർഥിക്യാമ്പിൽ ഇസ്രയേൽ വിരുദ്ധ സായുധ സൈനികരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞമാസം മുതൽ ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്നാരോപിച്ച് വെസ്റ്റ്‌ബാങ്കിൽ പ്രവർത്തിക്കുന്നതിൽനിന്ന് അൽ ജസീറയെ വിലക്കിയത്. കഴിഞ്ഞവർഷം വെസ്റ്റ്‌ബാങ്കിലെ അൽ ജസീറയുടെ ഓഫീസ് ഇസ്രയേൽ റെയ്ഡ് ചെയ്ത് മാധ്യമത്തിന്റെ പ്രവർത്തനം നിരോധിക്കുന്നതായി ഇസ്രയേൽ ഉത്തരവിട്ടിരുന്നു. കടുത്ത ആക്രമണഭീഷണിയിലും വെസ്റ്റ് ബാങ്കിൽ തുടർന്നും പ്രവർത്തിച്ചുവരികയായിരുന്നു മാധ്യമം. നടപടിയെ അപലപിച്ച അൽജസീറ ഇസ്രയേൽ അതിക്രമങ്ങൾ മറച്ചുവയ്ക്കാനാണ് പാശ്ചാത്യ പിന്തുണയോടെ പ്രവർത്തിക്കുന്ന പലസ്തീൻ സർക്കാരിന്റെ ശ്രമമെന്ന് വിമർശിച്ചു.









0 comments