യുദ്ധത്തിനെതിരെ ഇനിയും ശബ്ദിക്കും; ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്ന് മാർപാപ്പ

ലിയോ പതിനാലാമന്‍ മാര്‍പാപ്പ | Photo: AFP
വത്തിക്കാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ ദുര്‍ബലനും വിദേശനയങ്ങളില്‍ വളരെ മോശവുമാണ് മാര്‍പാപ്പയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. കൂടാതെ സ്വയം യേശു ആയി ചിത്രീകരിച്ച എഐ ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. താന്‍ മാര്‍പാപ്പയുടെ ആരാധകനല്ലെന്നും അമേരിക്ക വെനസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന ഒരു പോപ്പിനെയും തനിക്ക് ആവശ്യമില്ലെന്നും ട്രംപ് തുറന്നടിച്ചിരുന്നു.
അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാർപാപ്പ ഇതിന് മറുപടി നൽകിയത്. ട്രംപുമായി ഒരു തർക്കത്തിന് താൽപ്പര്യമില്ലെന്നും എന്നാൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നത് താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. "എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല. അത് ചെയ്യാനാണ് ഞാൻ ഇവിടെയുള്ളതെന്ന് വിശ്വസിക്കുന്നു, ജനങ്ങൾ ഇന്ന് ലോകത്ത് ഏറെ കഷ്ടപ്പെടുകയാണ്. ഒരുപാട് നിരപരാധികൾ കൊല്ലപ്പെടുന്നു. ഇതിന് ഒരു മെച്ചപ്പെട്ട വഴിയുണ്ടെന്ന് ആരെങ്കിലും എഴുന്നേറ്റു നിന്ന് പറയണമെന്ന് ഞാൻ കരുതുന്നു."- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനിയൻ നാഗരികതയെ നശിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി അംഗീകരിക്കാനാവില്ല എന്ന് നേരത്തെ മാർപാപ്പ വിശേഷിപ്പിച്ചിരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും ലിയോ മാർപാപ്പ വിമർശിച്ചിട്ടുണ്ട്.










0 comments