ന്യൂയോർക്കിൽ മിന്നൽപ്രളയം; ബസിൽ നിന്നിറങ്ങിയ യുവതി വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി, വീഡിയോ

മിന്നൽ പ്രളയത്തിൽ, യുവതി ഒഴുക്കിൽപ്പെടുന്നു (Photo:X)
ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിൽ പെട്ടെന്നുണ്ടായ അതിശക്തമായ മഴയെത്തതുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ യുവതി ഒഴുക്കിൽപ്പെടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അതിവേഗത്തിലുള്ള വെള്ളപ്പാച്ചിലിൽപ്പെട്ട യുവതിയുടെ 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
റോഡുകളിൽ വെള്ളം നിറഞ്ഞതിനെത്തുടർന്ന് ഡ്രൈവർക്ക് ബസ് വശത്തേക്ക് ഒതുക്കി നിർത്താൻ സാധിച്ചിരുന്നില്ല. റോഡിന്റെ നടുവിലാണ് ഡ്രൈവർ ബസ് നിർത്തിയത്. യുവതിക്ക് മുൻപ് മറ്റൊരു യാത്രികൻ ബസിൽ നിന്നിറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിരുന്നു. എന്നാൽ ഈ യുവതി ഇറങ്ങിയ ഉടൻ തന്നെ വെള്ളത്തിന്റെ അതിശക്തമായ പാച്ചിലിൽപ്പെട്ട് നിലതെറ്റി വീഴുകയായിരുന്നു. അരികിൽ നിന്ന മറ്റൊരു വ്യക്തി യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ ഒഴുക്കായതിനാൽ അതിന് സാധിച്ചില്ല.
വീഡിയോ വൈറലായതോടെ ബസ് ഡ്രൈവർക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബസ് അല്പം കൂടി വശത്തേക്ക് മാറ്റി നിർത്തിയിരുന്നെങ്കിൽ യുവതിക്ക് സുരക്ഷിതമായി ഇറങ്ങാമായിരുന്നില്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ തല കോൺക്രീറ്റിൽ ഇടിച്ചതായി ദൃശ്യങ്ങളിൽ തോന്നുന്നുണ്ടെന്നും, അവർ സുരക്ഷിതയാണോ എന്ന് വ്യക്തമാക്കണമെന്നും പലരും ആവശ്യപ്പെടുന്നു.
ബുധനാഴ്ച രാത്രിയിലുണ്ടായ കൊടുംകാറ്റും പേമാരിയും തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും നഗരത്തിലെ ഡ്രെയിനേജ് സംവിധാനം പൂർണമായി മുങ്ങിപ്പോയെന്നും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ച മേഖലകൾ സന്ദർശിച്ച മേയർ, കുറഞ്ഞ തോതിലുള്ള മഴയെ മാത്രമേ നഗരത്തിന് താങ്ങാൻ സാധിക്കൂ എന്നും ആ രീതിയിലാണ് നഗരത്തിലെ നിർമാണമെന്നും വ്യക്തമാക്കി. അതിലും ഉയർന്ന തോതിലാണ് നഗരത്തിൽ മഴ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കം, മലിനജല തടസ്സം തുടങ്ങിയ കാര്യങ്ങളിൽ സഹായത്തിനായി ജനങ്ങൾ 311 എന്ന നമ്പറിൽ വിളിച്ചാൽ മതിയെന്നും മേയർ അറിയിച്ചു.









0 comments