5,285 പേർ ഇനിയും കാണാമറയത്ത്, നേപ്പാളിൽ തിരച്ചിൽ അവസാനിപ്പിച്ചു; പുനരധിവാസ നടപടികൾ ആരംഭിക്കാൻ സർക്കാർ

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. രാജ്യത്തെ അടിമുടി തകർത്ത ദുരന്തത്തിൽ 1,455 പേരുടെ മരണം സ്ഥിരീകരിച്ചു. 5,285 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അത്യാവശ്യമായ പ്രവർത്തനങ്ങൾ ഒഴികെ, 40 ദിവസം നീണ്ടുനിന്ന തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനം. പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ നിർദേശം. സിംഗാ ദർബാർ സെക്രട്ടേറിയറ്റിൽ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ ചേർന്ന എൻഡിആർആർഎംഎ നാഷണൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ആഗസ്ത് 26നാണ് ടിബറ്റിലും നേപ്പാളിലും മണ്ണിടിച്ചിലും മിന്നൽ പ്രളയവുമുണ്ടായത്. ദുരന്തത്തിൽപ്പെട്ട 13,795 പേരെ രക്ഷപ്പെടുത്താനായി. ഏകദേശം 5 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഭോട്ടെകോശി-ത്രിശൂലി വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ പുനരധിവാസ-പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് സർക്കാർ നിർദ്ദേശം നൽകി. പുനർനിർമ്മാണത്തിനും പുനരധിവാസത്തിനുമായി 559.17 ബില്യൺ നേപ്പാളി രൂപയുടെ ബജറ്റ് അനുവദിക്കാൻ ധനമന്ത്രാലയത്തിന് ശുപാർശ ചെയ്യും.
ദുരിതബാധിതരായ 1,226 പേർക്കായി വിവിധ കേന്ദ്രങ്ങളിൽ താൽക്കാലിക താമസസൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. 20,000-ത്തിലധികം വീടുകൾ പുനർനിർമിക്കേണ്ടിവരുമെന്നും പ്രധാന ഹൈവേകൾ പുനഃസ്ഥാപിക്കണമെന്നും നദീതീരങ്ങളിലെ ചില ഗ്രാമങ്ങൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നും സർക്കാർ പറയുന്നു.







0 comments