പ്രളയം കവര്‍ന്ന നേപ്പാള്‍; കരകയറാനാകാതെ ആയിരങ്ങൾ; ആറായിരത്തോളം പേര്‍ കാണാമറയത്ത്

ന്യൂഡൽഹി: ആഗസ്ത് 26നാണ് കൂറ്റൻ മഞ്ഞുപാളി ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയം നേപ്പാളിനെ വിഴുങ്ങുന്നത്. ആയിരത്തി അഞ്ഞൂറോളം പേരുടെ ജീവനെടുത്ത ദുരന്തം. ഇനിയും കണ്ടെത്താനുള്ളത് ആറായിരത്തോളും മനുഷ്യൻമാരെ. വിനാശകരമായ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും ഒരു മാസം തികയുമ്പോഴും ആയിരക്കണക്കിന് മനുഷ്യർ ഇപ്പോഴും താൽക്കാലിക അഭയകേന്ദ്രങ്ങളിലാണ്. മിക്കവരുടെയും ബന്ധുക്കൾ പോലും കാണാമറയത്താണ്.
നാശനഷ്ടങ്ങളും നാടിന്റെ അവസ്ഥയും
ദുരന്തം ബാധിച്ച മേഖലകളിലെ കെട്ടിടങ്ങളെല്ലാം നിലംപൊത്തി. വീടുകളോ കടകളോ വിദ്യാലയങ്ങളോ എല്ലാം തകർന്നു. അവശേഷിക്കുന്ന കെട്ടിടങ്ങളിലാകട്ടെ നിറയെ ചെളിയും അവശിഷ്ടങ്ങളും മാത്രമാണ്. റോഡുകളും പാലങ്ങളുമെല്ലാം പ്രളയത്തിൽ ഒലിച്ചുപോയി. വർണാഭമായ തെരുവുകൾക്കെല്ലാം ഇന്ന് ചെളിയുടെ ചാര നിറമാണ്. ഇത്രയുംനാൾ കൂടെയുണ്ടായിരുന്നവരിൽ ആരെല്ലാം ഇന്ന് ജീവനോടെയുണ്ട് എന്ന് പോലും പലർക്കും അറിവില്ല. ചിലർ അഭയകേന്ദ്രങ്ങളിലുണ്ട് എന്ന പ്രതീക്ഷമാത്രമാണ് ഓരോരുത്തരിലും ബാക്കിയുള്ളത്.
പ്രളയത്തിൽ ഒലിച്ചുപോയ കുരുന്നു ജീവനുകൾ
ദുരന്തത്തിനിരയായ ജില്ലകളിൽ ആയിരത്തിലധികം കുട്ടികളെ കുറിച്ച് ഒരു വിവരവുമില്ല. അവരെ എങ്ങോട്ട് ഒഴുക്കിക്കൊണ്ടു പോയെന്ന് നിശ്ചയിക്കാൻ പോലും മാര്‍ഗ്ഗമില്ല. അവര്‍ കളിച്ച് ചിരിച്ചു നടന്ന ഗ്രാമങ്ങളും പഠിച്ചിരുന്ന വിദ്യാലയങ്ങളും അടയാളം പോലുമില്ലാതെ ഒഴുകിപ്പോയി. നുറുങ്ങുന്ന വേദനയുമായി അവശേഷിച്ചവര്‍ ഇനി എങ്ങനെ പിടിച്ചു നിൽക്കുമെന്ന നിശ്ചയമില്ല. ജില്ലകളിലെ പ്രാദേശിക എജ്യുക്കേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോഓർഡിനേഷൻ യൂണിറ്റുകളുടെയും അതത് തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകൾ ശേഖരിച്ചാണ് കാണാതായ കുട്ടികളുടെ എണ്ണം ഏകദേശം തിട്ടപ്പെടുത്തിയത്.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലെ തടസ്സം
വീണ്ടെടുത്ത നൂറുകണക്കിന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഡിഎൻഎ പരിശോധനാ ഫലങ്ങൾ വൈകുന്നതിനാൽ സാധിച്ചിട്ടില്ല. കാഠ്മണ്ഡുവിലെ പൊലീസ് ആശുപത്രിയിൽ സാംപിളുകൾ ശേഖരിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പരിശോധനകൾ നടക്കുന്നത്. വീണ്ടെടുത്ത മൃതദേഹങ്ങൾ മിക്കവയും തിരിച്ചറിയാൻ കഴിയാത്ത വിധം ഛിന്നഭിന്നമായ നിലയിലാണ്. 1,450 മൃതദേഹങ്ങൾ കണ്ടെടുത്തതിൽ തിരിച്ചറിയാൻ കഴിഞ്ഞത് 110 എണ്ണം മാത്രമാണെന്ന് പൊലീസ്. ശക്തിയിലുള്ള മലവെള്ളപ്പാച്ചിലിൽ കിലോമീറ്ററുകൾ ഒഴുകി ചിതറിപ്പോയ ശരീരങ്ങളാണ്. മുഖം വസ്ത്രങ്ങൾ മറ്റ് തിരിച്ചറിൽ സാധ്യതയുള്ള ഭാഗങ്ങളും ആഭരണം പോലെയുള്ള വസ്തുക്കളും എല്ലാം ചിതറി മാറി. തിരിച്ചറിയാൻ കഴിയാതായ 1300 ശരീര ഭാഗങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം സംസ്കരിച്ചു.
സാമ്പത്തിക ആഘാതം
പുനരധിവാസത്തിനും റോഡുകളും പാലങ്ങളും പുനർനിർമ്മിക്കുന്നതിനുമായി 4.77 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി നേപ്പാളി രൂപ) ചെലവ് വരുമെന്നാണ് വിലയിരുത്തൽ. ഇത് നേപ്പാളിന്റെ വാർഷിക ജിഡിപിയുടെ 10 ശതമാനത്തോളമാണ്. 20,000ത്തിലധികം വീടുകൾ പുനർനിർമിക്കേണ്ടിവരുമെന്നും പ്രധാന ഹൈവേകൾ പുനഃസ്ഥാപിക്കണമെന്നും നദീതീരങ്ങളിലെ ചില ഗ്രാമങ്ങൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നുമാണ് നിഗമനം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
പ്ലാൻ ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും നേപ്പാൾ സൈന്യവും ചേർന്ന് ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിലേക്ക് ഡ്രോണുകൾ വഴിയും എയർലിഫ്റ്റിംഗ് വഴിയും ഭക്ഷണവും ശുദ്ധജലവും എത്തിക്കുകയാണ്. കുടിവെള്ള പൈപ്പുകൾ തകർന്നതിനാൽ രോഗപ്പകർച്ച തടയുന്നതിനായി ശുദ്ധജലമെത്തിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
'ഇത് ലോകത്തിനുള്ള മുന്നറിയിപ്പ്': യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ദുരന്തത്തെ ഹിമാലയൻ മേഖല അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പായാണ് ഉയർത്തിക്കാട്ടിയത്. കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങൾ നേരിടാനുള്ള യുഎൻ 'ലോസ് ആൻഡ് ഡാമേജ് ഫണ്ട്' അനുവദിക്കുന്നതിലെ കാലതാമസത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
"ഈ ദുരന്തം ഒരു പ്രാദേശിക ദുരന്തം മാത്രമല്ല, ലോകത്തിനുള്ള മുന്നറിയിപ്പാണ്. കാലാവസ്ഥാ വ്യതിയാനത്തിന് അതിരുകളില്ല. ഒരു വീട് കത്തിനശിക്കുമ്പോൾ നമ്മൾ ഫോമുകൾ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടാറില്ല, ഉടനടി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ നീതി എന്നത് അതായിരിക്കണം"- നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞു.
ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് നേപ്പാളിലെ പ്രധാന ടൂറിസം സീസൺ. രാജ്യത്തിന്റെ ജിഡിപിയുടെ 8 ശതമാനത്തോളം സംഭാവന ചെയ്യുന്ന ടൂറിസം മേഖല ഇപ്പോൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. റോഡുകൾ തകർന്നതും, വിദേശ രാജ്യങ്ങൾ നൽകിയ യാത്രാ നിർദേശങ്ങളും കാരണം വിനോദസഞ്ചാരികൾ വൻതോതിൽ ബുക്കിംഗുകൾ റദ്ദാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കാഠ്മണ്ഡു, പോഖറ, ചിത്വാൻ എന്നിവ സുരക്ഷിതമാണെന്നും യാത്രകൾക്കായി നേപ്പാൾ തുറന്നിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിക്കുന്നുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ വരവ് തീരെ കുറവാണ്.









0 comments