ad
Deshabhimani

മൊജ്തബ ഖമനേയി ജീവിച്ചിരിപ്പുണ്ടോ? അഭ്യൂഹങ്ങൾക്കിടെ ഇറാഖിന് നന്ദി അറിയിച്ച് ഇറാന്റെ സന്ദേശം

Mojtaba Khamenei
വെബ് ഡെസ്ക്

Published on Mar 30, 2026, 08:04 AM | 1 min read

തെഹ്റാൻ: ഇറാൻ നേരിടുന്ന ആക്രമണങ്ങളിൽ പിന്തുണ നൽകിയ ഇറാഖി ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ സന്ദേശം. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെങ്കിലും സന്ദേശം ഏത് രൂപത്തിലാണ് കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അധികാരമേറ്റ മൊജ്തബയെ വധിച്ചെന്ന അമേരിക്കയുടെ അവകാശവാദങ്ങൾക്കിടയിലാണ് ഈ പുതിയ വെളിപ്പെടുത്തൽ. ബാഗ്ദാദിലെ ഇറാൻ അംബാസഡറും ഇറാഖിലെ ഇസ്ലാമിക് സുപ്രീം കൗൺസിലും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സന്ദേശം പുറത്തുവിട്ടത്.


അതേസമയം, മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നതിനെക്കുറിച്ചും ആഗോളതലത്തിൽ ചർച്ചകൾ ശക്തമാവുകയാണ്. ആക്രമണങ്ങൾക്ക് ശേഷം മൊജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. പുതിയ പരമോന്നത നേതാവ് ഒന്നുകിൽ കൊല്ലപ്പെട്ടു അല്ലെങ്കിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സ്റ്റേറ്റ് മീഡിയ വഴി രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.


ഫെബ്രുവരി 28-ന് നടന്ന സൈനിക നീക്കത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് മകൻ പിൻ​ഗാമിയായി എത്തുന്നത്. മാർച്ച് 9ന് മൊജ്തബയെ പരമോന്നത നേതാവായി അം​ഗീകരിച്ചു. തുടർന്ന് മാർച്ച് 11ഓടെ നടന്ന ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കയുടെ വാദം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home