Deshabhimani

വിദ്വേഷ കാര്‍ഡുകളും ഏൽക്കുന്നില്ല,ജനപ്രീതി 30 ശതമാനമായി ഇടിഞ്ഞു:മലക്കം മറിഞ്ഞ് ട്രംപ്

trump election
വെബ് ഡെസ്ക്

Published on Oct 17, 2026, 02:21 PM | 3 min read

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി. ജനപ്രീതിയിലെ ഇടിവും തിരിച്ചടികളും തുടര്‍ച്ചയായതോടെ പിടിച്ചു നിൽക്കാനുള്ള അവസാന കൈ പ്രയോഗങ്ങളിലാണ് റിപ്പബ്ലിക്കൻ ഭരണ നേതൃത്വത്തിലുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അനുചരരും.


റഷ്യ, ഉക്രെയ്ൻ ബന്ധങ്ങളിൽ തന്നെ രാഷ്ട്രീയ യു ടേൺ അടിച്ച സാഹചര്യമാണ്. ഇസ്രയേൽ പ്രലോഭനത്തിൽ വീണ് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത് തിരിച്ചടിച്ചു. ലോകം മുഴുവൻ ഇതിന്റെ കെടുതികൾ അനുഭവിക്കുന്നതിന് ഒപ്പം യുഎസിലും ജനങ്ങൾ വിലക്കയറ്റത്തിലും ഇന്ധന ക്ഷാമത്തിലും വലയുന്നു. പ്രതിഷേധം ശക്തമായതോടെ തിരികെ റഷ്യയ്ക്ക് മുന്നിലെത്തി. മൂന്ന് ലക്ഷം ടൺ ഡീസൽ ഇറക്കുമതിക്ക് കരാര്‍ ഏര്‍പ്പാടാക്കി.


ഇതിന്റെ പേരിൽ ഉക്രെയിനുമായുള്ള ബന്ധത്തിൽ വിള്ളൽ വര്‍ധിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ പരസ്യമായി വിമർശിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തിന് കാരണം പ്രസിഡന്റ് സെലൻസ്കിയാണ് എന്നുവരെ പറഞ്ഞു വെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബന്ധം മെച്ചപ്പെടുത്തുകയും പ്രശംസ ചൊരിയുകയും ചെയ്തു. തലതിരിഞ്ഞു പോയ രാഷ്ട്രീയ സാഹചര്യങ്ങൾ ലോകം പരിഹാസ പൂര്‍വം കണ്ടു നിന്നു. ഇതിനിടെ നിലപാട് മാറ്റത്തിൽ യുറോപ്യൻ യൂണിയൻ ഒന്നായി ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ത്തി.


ഒടുവിൽ തന്റെ പ്രതികാര നികുതിയിലും ഉപരോധ ഭീഷണികളിലും വെള്ളം ചേര്‍ക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന് എതിരായ പ്രതികാര നികുതി നിര്‍ദ്ദേശം കോടതി തള്ളിയപ്പോൾ പുതിയ നിയമ നിര്‍മാണത്തിലൂടെ ഇതിനുള്ള വഴി തുറന്നതാണ്. 100 ശതമാനം നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാക്കി. ഈ നിയമ പ്രകാരം കര്‍ശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കേണ്ടിയിരുന്ന ഒക്ടോബര്‍ 18 ന് തൊട്ടുതലേന്ന് ഇപ്പോൾ നിലപാട് മാറ്റിയിരിക്കയാണ്. ദേശീയ താൽപ്പര്യം മുൻനിർത്തി ഗ്രഹാം ആക്ടിലെ വ്യവസ്ഥകളിൽ നിന്ന് താൽക്കാലികമായി ഇളവ് അനുവദിക്കുന്നു എന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.


ഒരേ സമയം റഷ്യൻ എണ്ണയ്ക്കായി കരാര്‍ ഒപ്പിടുകയും മറ്റ് രാജ്യങ്ങളെ ഇതിന്റെ പേരിൽ ഉപരോധ ഭീഷണിയിൽ നിര്‍ത്തുകയും ചെയ്ത് പരിഹാസ്യമായ രാഷ്ട്രീ പ്രതിസന്ധിയിൽ നിന്നും തത്കാലം തലയൂരി. റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളുടെ യുഎസ് ഇറക്കുമതിക്ക് 500 ശതമാനം തീരുവ ചുമത്താനും ഗ്രഹാം നിയമം ട്രംപിന് അധികാരം നൽകിയിരുന്നു. ഒക്ടോബർ 18-ന് അവസാനിക്കാനിരുന്ന ഒരു മാസത്തെ സമയപരിധിക്ക് തൊട്ടുമുമ്പാണ് ട്രംപിന്റെ ഇളവ് പ്രഖ്യാപനം വന്നത്.


വിദ്വേഷങ്ങൾ വിളഞ്ഞില്ല

വിലക്കയറ്റം വലച്ചു


ഡീസൽ ക്ഷാമം രൂക്ഷമായത് ഏറ്റവും അധികം ബാധിച്ചത് യു എസിലെ സാധാരണ ജനങ്ങളെയാണ്. 70 ശതമാനം വിലവര്‍ധനവാണ് ഡീസലിന് ഉണ്ടായത്. ചരക്കു കടത്ത് കൂലി ഇതിനൊപ്പം വര്‍ധിച്ചു. വീടുകൾ ചൂടാക്കുന്നതിനും മറ്റും വഴികൾ അടഞ്ഞു. ഭക്ഷ്യവിപണിയിൽ വരെ വിലക്കയറ്റം രൂക്ഷമായി. അമേരിക്കയ്ക്ക് സ്വന്തമായി പര്യാപ്തമായ ഡീസൽ സംഭരണ ശുദ്ധീകരണ സംവിധാനങ്ങൾ ഇല്ല.


ഇറാൻ യുദ്ധം ഒരു ആഴ്ചയ്ക്കകം തീര്‍ക്കും എന്നു പറഞ്ഞ് തുടങ്ങിയതാണ്. ഫെബ്രുവരി 28 നാണ് കടന്നു കയറ്റം ഉണ്ടായത്. ഇപ്പോൾ ഇതിന്റെ തിക്ത ഫലം ലോകം മുഴുവൻ അനുഭവിക്കുന്നു. ഇതിനിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കുക, അമേരിക്ക ഫസ്റ്റ് നയം പിന്തുടരുക, ഇതര രാജ്യക്കാരെ ഉയര്‍ന്ന ഫീസുകൾ ചുമത്തി പുറത്താക്കുക, തുടങ്ങി രാജ്യ സ്നേഹം, വിദ്വേഷം ഇവയെല്ലാം ചേര്‍ത്ത പൊടിക്കൈകൾ പ്രയോഗിച്ചു എങ്കിലും വിചാരിച്ച അത്ര ഏശിയില്ല. ഇറാൻ യുദ്ധം പോലെ ചിലപ്പോൾ തിരിച്ചടിച്ചു.


യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്

പ്രസിഡന്റിന് പേടിക്കാൻ എന്താണ്


അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ നവംബർ മൂന്നിനാണ് ജനങ്ങൾ വിധിയെഴുതുക. പ്രസിഡന്റിന്റെ നാല് വർഷ കാലാവധിയുടെ പാതിവഴിയിൽ നടക്കുന്നതിനാലാണ് 'മിഡ്‌ടേം' ഇലക്ഷൻ എന്നു പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് നേരിട്ട് ജനവിധി തേടുന്നില്ല. പക്ഷേ ജനപിന്തുണയുടെ ഇടക്കാല പരിശോധന കൂടിയാണ്.


ജന പ്രതിനിധി സഭ (House of Representatives) അംഗങ്ങളുടെ കാലാവധി രണ്ട് വർഷമാണ്. സഭയിലെ മുഴുവൻ അതായത് 435 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഭൂരിപക്ഷത്തിന് 218 സീറ്റുകൾ ആവശ്യമാണ്.


Related News

സെനറ്റ് (Senate) അംഗങ്ങളുടെ കാലാവധി ആറ് വർഷമാണ്. 100 സീറ്റുകളിൽ 35 സീറ്റുകൾ ഇടക്കാല തെരഞ്ഞെടുപ്പിൽ ഉൾപ്പെടും. ഇതിൽ ഒഹായോ, ഫ്ലോറിഡ എന്നിവിടങ്ങളിലെ പ്രത്യേക തെരഞ്ഞെടുപ്പുകളും ഉൾപ്പെടുന്നു. നിലവിൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുണ്ട്.


കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങൾ ഉൾപ്പെടെ 39 ഗവർണ്ണർമാരെയും ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിശ്ചയിക്കും. അടുത്ത അതായത് 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഈ ഗവര്‍ണര്‍മാരായിരിക്കും അധികാരത്തിൽ.


വോട്ടു പെട്ടിയിൽ ആരാണ്


പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനസമ്മിതി ഏകദേശം 30% ആയി കുറഞ്ഞിട്ടുണ്ട്. "ഞാൻ വോട്ടുപെട്ടിയിലുണ്ടെന്ന് കരുതി വോട്ട് ചെയ്യുക" എന്നാണ് ട്രംപ് പ്രചാരണരംഗത്ത് വോട്ടര്‍മാരോട് പറയുന്നത്.ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് വ്യക്തമായ മേൽകൈ പ്രവചിക്കപ്പെട്ടിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home