ആഗോള വാഹന വിപണിയിൽ ചൈനീസ് വിപ്ലവം: ടെസ്‌ലയെ പിന്നിലാക്കി ബിവൈഡി

ബിവൈഡി
ബെയ്‌ജിങ് : കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം ജർമ്മനിയും ജപ്പാനും അമേരിക്കയും അടക്കിവാണിരുന്ന ആഗോള വാഹന വിപണി കയ്യടക്കി ചൈന. പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഇവി ബ്രാൻഡായി ചൈനയുടെ ബിവൈഡി മാറി.
ബാറ്ററികൾ മുതൽ സെമി കണ്ടക്ടറുകൾ വരെ സ്വന്തമായി നിർമ്മിക്കുന്ന രീതിയാണ് കമ്പനിയുടെ കരുത്ത്. ആഗോളതലത്തിൽ ചിപ്പ് ക്ഷാമം ഉണ്ടായപ്പോഴും ഇവർക്ക് ഉൽപ്പാദന തടസ്സമില്ലാതെ തുടരാൻ സാധിച്ചു.
പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് പകരം പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്ക് പ്രാധാന്യം നൽകിയത് ചൈനീസ് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നൽകി. 2020ൽ ബിവൈഡി അവതരിപ്പിച്ച ബ്ലേഡ് ബാറ്ററി കൂടുതൽ സുരക്ഷിതവും വില കുറഞ്ഞതുമാണ്. ഇന്ന് ടെസ്‌ല പോലും കാറുകളിൽ ബിവൈഡിയുടെ ബാറ്ററികൾ ഉപയോഗിക്കുന്നു. ബിവൈഡിയുടെ വരവോടെ മെഴ്‌സിഡസ് ബെൻസ്, ഫോക്‌സ്‌വാഗൺ, സ്റ്റെല്ലാന്റിസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി.
കമ്പനിയുടെ വളർച്ചയ്ക്കായി ചൈനീസ് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. 'മെയ്ഡ് ഇൻ ചൈന 2025' എന്ന ബൃഹദ് സാമ്പത്തിക പദ്ധതിയുടെ ഭാഗമായി ബിവൈഡി വാഹനങ്ങൾക്ക് പുറമെ റോബോട്ടിക്സ്, ബയോമെഡിസിൻ തുടങ്ങിയ മേഖലകളിലും ആധിപത്യം ഉറപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കാർ വിപണിയിൽ ചൈന നടത്തുന്ന കുതിച്ചുചാട്ടം ആഗോള വാഹന വിപണിയിൽ പുതിയ ഉണർവ് നൽകുകയും, കൂടുതൽ നൂതനമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ മറ്റ് വാഹന നിർമ്മാതാക്കൾക്ക് പ്രചോദനമാവുകയും ചെയ്യുന്നു.










0 comments