സുഷിയിൽ ജീവനുള്ള വിര; ഹോങ്കോങ്ങില്‍ റെസ്റ്റോറന്റിനെതിരെ പരാതി, പിന്നാലെ മാപ്പപേക്ഷ

പ്രതീകാത്മക എഐ ചിത്രം
ഹോങ്കോങ് : ഹോങ്കോങ്ങിലെ ഒരു ജാപ്പനീസ് റെസ്റ്റോറന്റിൽ വിളമ്പിയ സുഷിയിൽ ജീവനുള്ള വിരയെ കണ്ടെത്തി. കോസ് വേ ബേയിലുള്ള ജാപ്പനീസ് റെസ്റ്റോറന്റ് ശൃംഖലയായ ഗാറ്റൻ സുഷിയിൽ മെയ് 8നാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഗോൾഡൻ ഐ സ്നാപ്പർ സാഷിമി എന്ന വിഭവമാണ് ഓർഡർ ചെയ്തത്. ഭക്ഷണം കഴിക്കാനെത്തിയ ആൾ ഇതിന്റെ ഫോട്ടോ എടുക്കുന്നതിനിടെയാണ് വിര പോലുള്ള എന്തോ സൂഷിയിൽ നിന്നും വരുന്നതായി കണ്ടത്. തുടർന്ന് ഉപഭോക്താവ് ഈ വീഡിയോ ത്രെഡ്സിൽ പങ്കുവെക്കുകയായിരുന്നു. ഹോങ്കോങ്ങിലെ ഫുഡ് ആൻഡ് എൻവയോൺമെന്റൽ ഹൈജീൻ ഡിപ്പാർട്ട്‌മെന്റിന് ഇമെയിൽ വഴി പരാതി നൽകുകയും ചെയ്തു.
സംഭവം വൈറലാതോടെ ഇൻസ്റ്റഗ്രാം വഴി ഗാറ്റൻ സുഷി അധികൃതർ മാപ്പപേക്ഷ നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും ഗോൾഡൻ ഐ സ്നാപ്പർ ഉപയോഗിച്ച് തയ്യാറാക്കുന്ന എല്ലാ വിഭവങ്ങളും റസ്റ്റോറന്റിൽ നിന്ന് ഒഴിവാക്കിയെന്നും അറിയിച്ചു. വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെ ഫുഡ് ആൻഡ് എൻവയോൺമെന്റൽ ഹൈജീൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ പരിശോധന നടത്തി. മറ്റ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുടർനടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.










0 comments