ലോകം 2026 ലേക്ക്: കിരിബാത്തിയിൽ പുതുവർഷം പിറന്നു

ലോകത്ത് പുതുവർഷം പിറന്നു. ലോകത്ത് ആദ്യമായി 2026നെ വരവേറ്റത് പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി. കിരിബാത്തിയിലെ കിരിത്തിമതി (ക്രിസ്മസ് ഐലന്റ്) എന്ന അറ്റോളിലാണ് ലോകത്ത് ആദ്യമായി പുത്തൻ വർഷം പിറന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 3.30-ഓടെ ഇവിടെ പന്ത്രണ്ട് മണി അടിക്കുകയും ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തു.
ജപ്പാനിലും ദക്ഷിണ കൊറിയയിലും പുതുവർഷം പിറന്നു
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിലും ദക്ഷിണ കൊറിയയിലും പുതുവർഷം പിറന്നു. ഇന്ത്യൻ സമയം രാത്രി 8.30-ഓടെ (15:00 GMT) ഇരു രാജ്യങ്ങളിലും പുതുവത്സരാഘോഷങ്ങൾ ആരംഭിച്ചു. ഐശ്വര്യവും സമാധാനവും നേർന്ന് ആരാധനാലയങ്ങളിൽ മണികൾ മുഴക്കിയാണ് ഈ രാജ്യങ്ങൾ പുതുവർഷത്തെ വരവേൽക്കുന്നത്.
ബോണ്ടി ബീച്ച് വെടിവെപ്പിലെ ഇരകൾക്ക് ആദരമർപ്പിച്ച് സിഡ്‌നി; കനത്ത സുരക്ഷയിൽ പുതുവത്സരാഘോഷം
സിഡ്‌നി: സിഡ്‌നി ഹാർബറിലെ പുതുവത്സരാഘോഷത്തിനു മുമ്പ്, ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്കായി നഗരം മൗനമാചരിച്ചു. ഡിസംബർ 14-ന് ഹനുക്ക ആഘോഷത്തിനിടെ ജൂത സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്മരണാർത്ഥം പ്രാദേശിക സമയം രാത്രി 11 മണിക്ക് സിഡ്‌നിയിലെ ഔദ്യോഗിക ആഘോഷങ്ങൾ ഒരു മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു. സമാധാനത്തിന്റെ പ്രതീകമായി സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ വെള്ള വെളിച്ചം തെളിച്ചു.
മഴ മുന്നറിയിപ്പ്: ചിലയിടങ്ങളിൽ പുതുവത്സര ആഘോഷങ്ങൾ റദ്ദാക്കി
ന്യൂസിലാൻഡിലെ പല ഭാഗങ്ങളിലും പുതുവർഷം ആവേശത്തോടെ വരവേറ്റെങ്കിലും, വടക്കൻ ദ്വീപുകളിൽ കാലാവസ്ഥാ വ്യതിയാനം ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിച്ചു. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് ഈ മേഖലയിലെ ചില പ്രാദേശിക പരിപാടികൾ റദ്ദാക്കി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് അധികൃതർ ഈ തീരുമാനമെടുത്തത്. മോശം കാലാവസ്ഥയിലും മറ്റ് പ്രധാന നഗരങ്ങളിൽ ആഘോഷങ്ങൾ നിയന്ത്രണങ്ങളോടെ തുടരുന്നുണ്ട്.
ന്യൂസിലാൻഡിൽ പുതുവർഷം പിറന്നു: ഓക്‌ലൻഡ് സ്കൈ ടവറിൽ വർണ്ണാഭമായ വെടിക്കെട്ട്
ന്യൂസിലാൻഡിലെ പ്രധാന നഗരമായ ഓക്‌ലൻഡിൽ പുതുവർഷം പിറന്നു. നഗരത്തിലെ സ്കൈ ടവറിൽ (Sky Tower) നടന്ന മനോഹരമായ വെടിക്കെട്ടോടെയാണ് ന്യൂസിലാൻഡ് ജനത 2026-നെ വരവേറ്റത്. കൗണ്ട്ഡൗണിന് പിന്നാലെ ആകാശത്ത് വർണ്ണവിസ്മയം തീർത്ത ഈ കാഴ്ച കാണാൻ ആയിരക്കണക്കിന് ആളുകളാണ് നഗരമധ്യത്തിൽ ഒത്തുകൂടിയത്.
ചാതം ഐലന്റിൽ പുതുവർഷം: ന്യൂസിലാൻഡിന്റെ ഭാഗമായ, പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചാതം ഐലന്റിൽ (Chatham Island) 2026 പിറന്നു. ഏകദേശം 600-ഓളം ആളുകൾ താമസിക്കുന്ന ഈ വിദൂര ദ്വീപസമൂഹമാണ് കിരിബാത്തിക്ക് പിന്നാലെ പുതുവർഷത്തെ വരവേറ്റ അടുത്ത പ്രദേശം.
ഓക്‌ലൻഡിൽ കൗണ്ട്ഡൗൺ: ന്യൂസിലാൻഡിലെ പ്രധാന നഗരമായ ഓക്‌ലൻഡിൽ ഇന്ത്യൻ സമയം ഏകദേശം 4:30-ഓടെ (11:00 GMT) പുതുവർഷമെത്തും. ഇവിടുത്തെ പ്രസിദ്ധമായ സ്കൈ ടവറിൽ (Sky Tower) ഗംഭീരമായ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
പുതുവത്സരത്തിന്റെ ലോകസഞ്ചാരം
കിരിബാത്തിക്ക് പിന്നാലെ മറ്റ് പസഫിക് ദ്വീപ് സമൂഹങ്ങളും ന്യൂസിലാൻഡും ഓസ്ട്രേലിയയും പുതുവർഷ ലഹരിയിലേക്ക് കടക്കും. വിവിധ രാജ്യങ്ങളിൽ പുതുവർഷം എത്തുന്ന ഏകദേശ ഇന്ത്യൻ സമയം താഴെ നൽകുന്നു:
രാജ്യം/നഗരം ഇന്ത്യൻ സമയം (IST)
കിരിബാത്തി (കിരിത്തിമതി) - ഉച്ചയ്ക്ക് 3:30
ന്യൂസിലാൻഡ് (ഓക്‌ലൻഡ്) - വൈകിട്ട് 4:30
ഫിജി, റഷ്യയുടെ ചില ഭാഗങ്ങൾവൈകിട്ട് - 5:30
ഓസ്ട്രേലിയ (മെൽബൺ, സിഡ്‌നി) - വൈകിട്ട് 6:30
ജപ്പാൻ, ദക്ഷിണ കൊറിയ - രാത്രി 8:30
ചൈന, സിംഗപ്പൂർ - രാത്രി 9:30
തായ്‌ലൻഡ്, വിയറ്റ്നാം - രാത്രി 10:30
ഇന്ത്യ, ശ്രീലങ്ക - അർദ്ധരാത്രി 12:00










0 comments