അവരും ഹീറോകള്‍, യുദ്ധത്തടവുകാരാകാതിരിക്കാന്‍ ആത്മഹത്യ ചെയ്ത ഉത്തരകൊറിയന്‍ സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ

കിം ജോങ് ഉൻ | image credit: Reuters
സിയോൾ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ആത്മഹത്യ ചെയ്ത ഉത്തരകൊറിയൻ സൈനികരെ പ്രകീർത്തിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
യുക്രെയ്ൻ സേനയുടെ പിടിയിലാകുന്നത് ഒഴിവാക്കാൻ സൈനികർ സ്വയം സ്ഫോടനം നടത്തിയും മറ്റും ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് കിം ജോങ് ഉന്നിന്‍റെ പ്രശംസ. റഷ്യയിലെ കുർസ്ക് മേഖലയിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം. യുദ്ധമുഖത്ത് പോരാടി മരിച്ചവരും രാജ്യത്തിന്റെ അന്തസ് സംരക്ഷിക്കാൻ വേണ്ടി ആത്മഹത്യ ചെയ്യാൻ തയ്യാറാകുന്നവരും നമ്മുടെ ഹീറോകളാണെന്ന് കിം ജോങ് ഉൻ പറഞ്ഞു. ദൗത്യം പൂർത്തിയാകാത്തതിൽ മനംനൊന്ത് സ്വയം ജീവൻ ഇല്ലാതാക്കുന്നവരാണ് യഥാർഥ രക്തസാക്ഷികളെന്നും ഉൻ കൂട്ടിച്ചേർത്തു.
റഷ്യയ്ക്കൊപ്പം നിന്ന് യുക്രെയ്നെതിരെ പോരാടാൻ ഏകദേശം 15000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. യുദ്ധത്തിൽ ഇതുവരെ 6000ത്തിലധികം പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. യുദ്ധത്തടവുകാരാകുന്നത് തടയാനായി സൈനികർ സ്വയം ഗ്രനേഡുകൾ പൊട്ടിത്തെറിച്ചത് മരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
യുക്രെയ്ൻ അധിനിവേശത്തിന് പിന്തുണയായി സൈനികരെയും യുദ്ധസാമഗ്രികളും നൽകുന്നതിന് പകരം സാമ്പത്തിക സഹായവും അത്യാധുനിക സൈനിക സാങ്കേതികവിദ്യയുമാണ് റഷ്യയിൽനിന്ന് പ്യോങ്‌യാങ് കൈപ്പറ്റുന്നത്. റഷ്യൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വഴിയാണ് കിമ്മിന്റെ പ്രസംഗം പുറത്തുവിട്ടത്.










0 comments