"മരിയ കൊറിന മച്ചഡോ യുദ്ധ കുറ്റവാളി" നൊബേൽ സമിതിക്കെതിരെ അന്വേഷണം വേണമെന്ന് ജൂലിയൻ അസാഞ്ച്

വിക്കിലീക്സ് സ്ഥാപകനായ ജൂലിയൻ അസാഞ്ച് നൊബേൽ ഫൗണ്ടേഷനെതിരെ ക്രിമിനൽ പരാതി ഫയൽ ചെയ്തു. നൊബേൽ സമിതിയിലെ ചെയർവുമണും എക്സിക്യൂട്ടീവ് ഡയറക്ടറും ഉൾപ്പെടെ 30 അംഗങ്ങൾക്കെതിരെയാണ് പരാതി. തീവ്ര വലതുപക്ഷ വെനിസ്വേലൻ രാഷ്ട്രീയക്കാരിയായ മരിയ കൊറിന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം പ്രഖ്യാപിച്ച തീരുമാനത്തെ ചോദ്യം ചെയ്താണ് നീക്കം.
മച്ചാഡോയ്ക്ക് കൈമാറാൻ നിശ്ചയിച്ചിരുന്ന 1.18 ദശലക്ഷം യുഎസ് ഡോളർ ഉടൻ മരവിപ്പിക്കണമെന്ന് അസാഞ്ച് ആവശ്യപ്പെട്ടു. "സമ്മാനം അവർക്ക് നൽകുന്നത് ആൽഫ്രഡ് നൊബേലിന്റെ വിൽപത്രത്തിൽ പ്രകടിപ്പിച്ച തത്വങ്ങളെ പൂർണ്ണമായും വളച്ചൊടിക്കുന്നു. രാജ്യങ്ങൾക്കിടയിൽ സാഹോദര്യത്തിനും സ്ഥിരം സൈന്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് സമ്മാനം നൽകണമെന്ന് വിൽപത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇതിനെ അട്ടിമറിക്കുന്നതാണ് അക്കാദമിയുടെ തീരുമാനം" എന്ന് പരാതിയിൽ പറയുന്നു.
റോം സ്റ്റാറ്റ്യൂട്ടിന്റെ ആർട്ടിക്കിൾ 25(3)(c) പ്രകാരം സ്വീഡൻ അതിന്റെ ബാധ്യതകൾ ലംഘിച്ചതായി കണക്കാക്കുമെന്നും, യുദ്ധക്കുറ്റങ്ങൾക്ക് സഹായിക്കുന്നതോ, കൂട്ടുനിൽക്കുന്നതോ, മറ്റേതെങ്കിലും വിധത്തിൽ സഹായിക്കുന്നതോ ആയ ആരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമെന്നും പരാതി വാദിക്കുന്നു.
കരീബിയൻ മേഖലയിൽ യുഎസ് വൻതോതിൽ സൈനിക നീക്കം നടത്തുന്ന സാഹചര്യത്തിലാണ് പരാതി. ഡിസംബർ 10 ന് നടന്ന നോബൽ സമാധാന ചടങ്ങിന് രണ്ട് ദിവസങ്ങൾക്ക് ശേഷം, വെനിസ്വേലയ്‌ക്കെതിരായ സൈനിക ആക്രമണങ്ങൾ "കരമാർഗ്ഗം ആരംഭിക്കും" എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 1962 ലെ മിസൈൽ പ്രതിസന്ധിക്ക് ശേഷം കരീബിയനിലെ ഏറ്റവും വലിയ യുഎസ് സൈനിക വിന്യാസമായി വിശകലന വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ 15,000-ത്തിലധികം സൈനികരെ ആക്രമണ സന്നദ്ധമായി നിലനിർത്തിയിട്ടുണ്ട്.
സമാധാനത്തിനുള്ള ഉപകരണത്തെ
യുദ്ധോപകരണമാക്കി മാറ്റി
സ്വീഡനിലെ സാമ്പത്തിക കുറ്റകൃത്യ അതോറിറ്റിക്കും യുദ്ധ കുറ്റകൃത്യ യൂണിറ്റിനും പരാതി സമർപ്പിച്ചു. മരിയ കൊറിനയുടെ തെരഞ്ഞെടുപ്പ് "സമാധാനത്തിനുള്ള ഒരു ഉപകരണത്തെ യുദ്ധോപകരണമാക്കി മാറ്റി" എന്ന് പരാതിയിൽ അസാഞ്ച് വാദിക്കുന്നു. ഫണ്ട് ദുരുപയോഗം ചെയ്യൽ, യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, ആക്രമണ കുറ്റകൃത്യത്തിന് ധനസഹായം നൽകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പരാമർശിക്കുന്നു.
ഇറാഖ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക കുറ്റകൃത്യത്തിന് പിന്നിൽ മച്ചാഡോയുടെ പ്രേരണയുണ്ട്. ഇത് അവരെ സമ്മാനത്തിന് പൂർണ്ണമായും അയോഗ്യയാക്കുന്നു എന്നും അസാഞ്ച് വാദിക്കുന്നു.
വെനിസ്വേലയിൽ നിക്കോളാസ് മഡുറോയുടെ തിരിച്ചുവരവോടെ 2024 ജൂലൈ മുതൽ നാടുകടത്തപ്പെട്ട മരിയ കൊറിന ട്രംപിന്റെ നീക്കങ്ങളെ മുഴുവൻ അഭിനന്ദിച്ചും അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. സിബിഎസിന് നൽകിയ അഭിമുഖത്തിൽ, ട്രംപിന്റെ തന്ത്രത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും വെനിസ്വേലൻ പ്രസിഡന്റ് സ്ഥാനം താൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു.
ഇപ്പോൾ വെനിസ്വേല ഉൾപ്പെടുന്നതുപോലുള്ള സംഘർഷങ്ങളാണ് അസാൻജിന്റെ മുഖ്യ വിഷയങ്ങൾ. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ യുദ്ധക്കുറ്റങ്ങൾ വെളിപ്പെടുത്തിയതിന് ഒരു ദശാബ്ദത്തിലേറെയായി പീഡിപ്പിക്കപ്പെട്ട അദ്ദേഹം ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷം അഭയാർഥിയായി കഴിഞ്ഞു. യുകെയിൽ അഞ്ച് വർഷം തടവിലായിരുന്നു.
യുഎസുമായുള്ള ഒരു ജുഡീഷ്യൽ കരാറിനെത്തുടർന്ന് 2024 ജൂണിൽ മോചിതനായ അദ്ദേഹം ഇപ്പോൾ തന്റെ മാതൃരാജ്യമായ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.

നൊബേൽ ഫൗണ്ടേഷനെതിരായ അസാൻജിന്റെ ക്രിമിനൽ പരാതിയിൽ സമ്മാന തുക മരവിപ്പിക്കണമെന്നും, മെഡൽ തിരികെ നൽകണമെന്നും, ഫൗണ്ടേഷൻ അംഗങ്ങൾക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേസ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.










0 comments