ജറുസലേം രൂപതയുടെ ആശുപത്രി തകർത്ത് ഇസ്രയേൽ

ഗാസ സിറ്റി: ഓശാന ഞായർ ദിനത്തിൽ ഗാസ സിറ്റിയിൽ പ്രവർത്തനക്ഷമമായ ഏക ആശുപത്രി ബോംബിട്ട് തകർത്ത് ഇസ്രയേൽ. ജറുസലേം രൂപതയുടെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്കായിരുന്നു പുലർച്ചെ ആക്രമണം നടത്തിയത്. തീവ്രചികിത്സ, ശസ്ത്രക്രിയ, ഫാർമസി, ലബോറട്ടറി എന്നിവ തകർന്നതയായാണ് വിവരം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ക്രിസ്ത്യാനികളുടെ വിശുദ്ധവാരത്തിന്റെ തുടക്കത്തിൽ നടത്തിയ ആക്രമണത്തെ രൂപത പ്രസ്താവനയിൽ അപലപിച്ചു. ഓശാന ഞായറിലാണ് യേശു ജറുസലേമിൽ പ്രവേശിച്ചത് എന്നാണ് വിശ്വാസം.
ആക്രമണത്തെ തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ട രോഗികളും ആശുപത്രി ജീവനക്കാരും വഴിയരികിൽ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗാസയിലെ ആശുപത്രികൾ ആക്രമിക്കുന്നത് നിർത്തണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഹമാസ് ആശുപത്രിയെ കമാൻഡ് സെന്ററായി ഉപയോഗിക്കുകയായിരുന്നെന്നാണ് ഇസ്രയേലിന്റെ വാദം. ദെയ്ർ അൽ ബലായടക്കം ഗാസയിൽ വിവിധയിടങ്ങളിലായി 32 പേരെ ഇസ്രയേൽ കൊന്നൊടുക്കി. ഇസ്രയേൽ സുരക്ഷിതസ്ഥലമായി പ്രഖ്യാപിച്ച അൽ മവാസിയിലും മൂന്നുപേർ കൊല്ലപ്പെട്ടു. തെക്കേ അറ്റമായ റാഫയിൽ കരയാക്രമണം വ്യാപിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒന്നൊന്നായി സൈന്യം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഖാൻ യൂനിസിലെയും നുസെയ്റത്ത് അഭയാർഥി ക്യാമ്പുകളിലെയും നിവാസികളോട് ഉടൻ ഒഴിഞ്ഞുപോകാൻ നിർദേശം നൽകി.









0 comments