print edition ഇറാൻ–യുഎസ് ചർച്ച: പ്രതീക്ഷയോടെ ലോകം

ഇസ്ലാമാബാദ്:
ഇറാൻ–യുഎസ് സമാധാനചർച്ച ഇസ്ലാമാബാദിൽ നടക്കുന്പോ ൾ ഉന്നയിച്ച ഉപാധികളിൽ എത്രത്തോളം വിട്ടുവീഴ്‌ചക്ക് ഇരുപക്ഷവും തയ്യാറാകുമെന്നത് നിർണായകമാണ്. ഇറാൻ മുന്നോട്ടുവച്ച ഹോർമുസിലെ ടോൾ എന്ന ആവശ്യത്തോടും, അമേരിക്ക മുന്നോട്ടുവച്ച യുറേനിയം കൈമാറ്റം എന്ന ആവശ്യത്തോടും പരസ്‌പരം കടുത്ത വിയോജിപ്പിലാണ്. ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ ഈ വിഷയങ്ങളിലെ നിലപാടാണ് ലോകം ഉറ്റുനോക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനു പകരമായി ഇറാന്റെ പുനർനിർമാണത്തിനുള്ള ടോൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം അമേരിക്ക അംഗീകരിക്കുമോ എന്ന് കണ്ടറിയണം.
പ്രകോപനമില്ലാതെ തങ്ങൾക്കുനേരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ യുദ്ധത്തിലെ നാശനഷ്‌ടങ്ങൾക്ക് പരിഹാരം കാണണമെന്നത് ഇറാന്റെ ശക്തമായ ആവശ്യമാണ്. നേരിട്ടുള്ള സാന്പത്തികസഹായം സാധ്യമാകില്ലന്ന കണക്കുകൂട്ടലിലാണ് ഹോർമുസിൽ ടോൾ ഏർപ്പെടുത്താനുള്ള തീരുമാനം.
യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനുള്ള വരുമാനമാർഗമായാണ് ഇറാൻ ഇതിനെ കാണുന്നത്. ഒരു കപ്പലിന് 20 ലക്ഷം ഡോളർ വരെ ടോൾ ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്ക, ഇസ്രയേൽ, ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾ എന്നിവയുമായി ബന്ധമുള്ള കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് തന്നെ വ്യക്തമാക്കിയിരുന്നു. എല്ലാ കപ്പലുകളും ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കർശന പരിശോധനയ്ക്ക് വിധേയമാകണം.
ഇറാന്റെ ടോൾനീക്കത്തെ നിയമവിരുദ്ധം എന്നാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. മനുഷ്യനിർമിത കനാലുകളിൽ അറ്റകുറ്റപ്പണികൾക്കായി ടോൾ ഈടാക്കാമെന്നും ഹോർമുസ് പ്രകൃതിദത്ത ജലപാതയായതിനാൽ ടോൾ ഈടാക്കാൻ നിയമപരമായി കഴിയില്ലെന്നുമാണ് വാദം. ഇറാൻ ഈ ടോൾ പിരിക്കാൻ തുടങ്ങിയാൽ അത് ആഗോള എണ്ണവില കുതിച്ചുയരാൻ കാരണമാകും.
അതേസമയം, ഇറാന്റെ യുറേനിയം സന്പുഷ്‌ടീകരണം പൂർണമായി നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കാൻ ഇറാനും തയ്യാറാകില്ല. സമാധാനപരമായ ഉൗർജ ആവശ്യങ്ങൾക്കായി യുറേനിയം സന്പുഷ്‌ടീകരിക്കാനുള്ള തങ്ങളുടെ അവകാശത്തെ അംഗീകരിക്കണമെന്നാണ് ഇറാന്റെ പത്തിന നിർദ്ദേശത്തിലെ പ്രധാന ആവശ്യം. അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയുടെ പരിശോധനകളെ ഇറാൻ നേരത്തേതന്നെ സ്വാഗതംചെയ്‌തിട്ടുള്ളതാണ്.









0 comments