യുഎസ് വീണ്ടും ആക്രമിച്ചാൽ പ്രത്യാക്രമണം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കും; മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: യുഎസ് വീണ്ടും ആക്രമിച്ചാൽ പ്രത്യാക്രമണം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിച്ചേക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ഉപദേഷ്ടാവ് യഹ്‌യ റഹീം സഫവി മുന്നറിയിപ്പ് നൽകി
പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ചെങ്കടൽ എന്നിവിടങ്ങളിൽ നിന്ന് യുദ്ധം മറ്റ് മേഖലകളിലേക്ക് വ്യാപിക്കുകയാണെന്നും, കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ ഇത് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയേക്കാമെന്നും ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട വീഡിയോയിൽ സഫവി പറഞ്ഞു.
ഇറാന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയുള്ള ഡിയോഗോ ഗാർഷ്യയിൽ യുഎസ്-ബ്രിട്ടീഷ് സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്. സംഘർഷത്തിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗികമായി സൂചിപ്പിക്കുന്നത് ഇതാദ്യമാണ്.
യുഎൻ പൊതുസഭ സമ്മേളനത്തിനിടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഇറാൻ മുന്നോട്ടുവച്ചിരുന്നു. ഫെബ്രുവരി അവസാനത്തിലാണ് യുഎസ്-ഇസ്രയേൽ സഖ്യം സംയുക്തമായി ഇറാനെതിരെ കടന്നുകയറ്റം ആരംഭിച്ചത്.









0 comments