Deshabhimani

സൗദിയിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാട്

missile
വെബ് ഡെസ്ക്

Published on Oct 03, 2026, 07:00 AM | 1 min read

റിയാദ് : സൗദിയിലെ നജ്റാനിൽ സ്കൂളിന് നേരെ ഹൂതി ആക്രമണം. ആക്രമണത്തിൽ സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, സ്ഫോടനം നടക്കുമ്പോൾ സ്കൂളിൽ വിദ്യാർഥികളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവം നടന്ന് ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി അടിയന്തര സുരക്ഷ നടപടികൾ ആരംഭിക്കുകയും ചെയ്തു.


അസീർ പ്രവിശ്യയിലെ അഹദ് റഫീദയിലും സമാനമായ ആക്രമണം നടത്താൻ ഹൂതികൾ തുനിഞ്ഞിരുന്നു. ജനവാസ മേഖലയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന ആകശത്തു വെച്ചു തന്നെ തകർത്തു. മിസൈൽ അവശിഷ്ടം താഴേക്ക് പതിച്ച് ഒരു വിദേശി മരിച്ചതായും റിപ്പോർട്ടുണ്ട്. ഇയാൾ ഏത് രാജ്യക്കാരനാണെന്ന കാര്യം സൗദി പുറത്തുവിട്ടിട്ടില്ല. ഇതോടൊപ്പം പ്രദേശത്തെ ഒരു പള്ളിക്കും, നിർത്തിയിട്ട കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


ഖാമീസ് മുഷൈത്ത് പ്രവിശ്യ ലക്ഷ്യമാക്കിയെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ അറബ് സഖ്യസേന കൃത്യമായി തകർത്തു. ആളാപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദി സഖ്യസേന വക്താവ് തുർക്കിയിൻ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ വളരെ ​ഗൗരവത്തോടെയാണ് സൗദി സഖ്യസേന കാണുന്നത്. അതേസമയം, സൗദിക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്ക് യെമൻ സർക്കാർ കൃത്യമായി തിരിച്ചടിയാണ് നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ 474 ആക്രമണങ്ങളാണ് നടത്തിയത്. യെമൻ സേന പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,540 ഹൂതി ഭീകരർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home