ad
Deshabhimani

ഹോർമുസ് കടലിടുക്ക് ഉപരോധം: ആഗോളതലത്തിൽ ഇലക്ട്രിക് കാറുകൾക്ക് ആവശ്യക്കാർ കൂടുന്നു

EVM

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 27, 2026, 07:34 PM | 1 min read

ന്യൂഡൽഹി : ലോകത്തിന്റെ പെട്രോളിയം വിഹിതത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധവും എണ്ണ വിപണിയിലെ അനിശ്ചിതത്വവും ആഗോളതലത്തിൽ ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസി. തങ്ങളുടെ വാർഷിക ഗ്ലോബൽ ഇവി ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഐഇഎ ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിൽ ആഗോള കാർ വിപണിയുടെ 30 ശതമാനവും ഇലക്ട്രിക് കാറുകൾ കൈക്കലാക്കുമെന്നും പ്രതിവർഷ വിൽപ്പന 2.30 കോടി കവിയുമെന്നും ഏജൻസി വിലയിരുത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ പ്രതിസന്ധിക്കിടയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതി ആഗോള ഊർജ്ജ വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഐഇഎ ഡയറക്ടർ ഫാത്തിഹ് ബിറോൾ ബുധനാഴ്ച വ്യക്തമാക്കി.


കഴിഞ്ഞ വർഷം ആഗോള ഇവി വിപണി 20 ശതമാനം വളർച്ചയോടെ 2 കോടി കാറുകളുടെ വിൽപ്പന രേഖപ്പെടുത്തി. ലോകത്ത് വിൽക്കപ്പെടുന്ന നാലിൽ ഒരു കാർ ഇലക്ട്രിക് ആയിരുന്നു. യൂറോപ്യൻ, വടക്കേ അമേരിക്കൻ നിർമാതാക്കൾക്ക് 15 ശതമാനം വിപണി വിഹിതമാണുള്ളത്. മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും എണ്ണവിലയിലെ അസ്ഥിരതയിൽ ആശങ്കാകുലരായ ഉപഭോക്താക്കൾക്കിടയിൽ ഇവികളുടെ ഡിമാൻഡ് ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്. ഇരുചക്ര, മുചക്ര വാഹനങ്ങൾ ഒഴികെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിലവിലെ 8 കോടിയിൽ നിന്ന് 2035 ആകുമ്പോഴേക്കും 51 കോടിയായി ഉയരുമെന്നും ഐഇഎ പറയുന്നു.


അമേരിക്ക-ഇസ്രായേൽ ആക്രമണത്തിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എണ്ണ കയറ്റുമതിക്കായി ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചത്. തുടർന്ന് അമേരിക്കയും ഇവിടെ ഉപരോധം ഏർപ്പെടുത്തി. ഈ സംഘർഷം ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ഉപരോധം മൂലമുണ്ടായ എണ്ണക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.


ഇന്ത്യയിൽ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയും ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഘട്ടങ്ങളായി ലീറ്ററിന് 7 രൂപയിലധികമാണ് വർധനവുണ്ടായത്. എന്നാൽ സാമ്പത്തിക വിപണിയിലെ കണക്കുകൂട്ടലുകൾ പ്രകാരം ഈ വിലവർധനവ് എണ്ണ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home