47 പേരെ കൊന്നു, 50ലേറെ പേരെ തട്ടിക്കൊണ്ടുപോയി; ഹെയ്തിയിൽ പൊലീസിനെതിരെ രോഷം

പോർട്ട്-ഓ-പ്രിൻസ്: സംഘർഷബാധിതമായ ഹെയ്തിയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും 50ലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന് സമീപമുള്ള കെൻസ്കോഫ് മേഖലയിലാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. ഒരുകാലത്ത് ശാന്തമായ കൃഷിമേഖലയായിരുന്ന കെൻസ്കോഫിൽ ഇത്തരമൊരു ആക്രമണം തടയാൻ പൊലീസിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പദ്ധതി പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നായിരുന്നു പൊലീസ് വക്താവ് ഗാരി ഡെസ്രോസിയേഴ്സിന്റെ പ്രതികരണം. കെൻസ്കോഫിൽ സുരക്ഷാ നടപടികൾ തുടരുന്നതിനിടെ തങ്ങളുടെ സംഘത്തിലെ ആരെയെങ്കിലും പൊലീസ് വധിച്ചാൽ ബന്ദികളാക്കിയ എല്ലാവരെയും കൊല്ലുമെന്ന് ഒരു ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് 2,600ലേറെ പേർ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു. ഇവരെ വീടുകളിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിന് മുമ്പ് ഗുണ്ടാസംഘങ്ങളുടെ നീക്കത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരമുണ്ടായിരുന്നോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ലഭിച്ചില്ല. യുഎസ് എംബസി സ്ഥിതി ചെയ്യുന്ന പോർട്ട്-ഓ-പ്രിൻസിലെ ടബാറെ മേഖലയിലും ആക്രമണം നടത്തുമെന്ന് മറ്റൊരു ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
ഹെയ്തി ദേശീയ പൊലീസ് മേധാവി വ്ലാദിമിർ പരൈസൺ വാർത്താസമ്മേളനത്തിൽ പങ്കെടുത്തില്ല. കെൻസ്കോഫിലെ ആക്രമണത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയോ ഗുണ്ടാസംഘങ്ങളുമായുള്ള ഒത്തുകളിയോ ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെ കെൻസ്കോഫിലെ അക്രമസംഭവങ്ങൾ 66 ശതമാനം കുറച്ചിരുന്നുവെന്നാണ് സംഘർഷങ്ങൾ നിരീക്ഷിക്കുന്ന സംഘടനകളുടെ കണക്ക്.
രാജ്യം ഈ ആക്രമണത്തിന്റെ ആഘാതത്തിൽ കഴിയുന്നതിനിടെയാണ് അമേരിക്കയിൽനിന്നുള്ള ഹെയ്തിയൻ പൗരന്മാരുടെ നാടുകടത്തലും തുടരുന്നത്. വ്യാഴാഴ്ച 50ലേറെ പേരെയാണ് അമേരിക്ക ഹെയ്തിയിലേക്ക് തിരിച്ചയച്ചത്. ഇതിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. തലസ്ഥാനത്തെ പ്രധാന വിമാനത്താവളം സുരക്ഷിതമല്ലാത്തതിനാൽ വടക്കൻ ഹെയ്തിയിലെ കാപ്-ഹെയ്തിയൻ നഗരത്തിലാണ് വിമാനം ഇറക്കിയത്.
അമേരിക്കയിലെ ഏകദേശം 3.5 ലക്ഷം ഹെയ്തിയൻ പൗരന്മാർക്ക് നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി അവസാനിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നാടുകടത്തൽ വിമാനമാണിത്. ആഗസ്ത് 20ന് 160ലേറെ പേരുമായി ആദ്യ വിമാനം എത്തിയിരുന്നു.
ഗുണ്ടാസംഘങ്ങളുടെ അക്രമം ഹെയ്തിയെ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്കാണ് തള്ളിയിരിക്കുന്നത്. രാജ്യത്താകെ ഏകദേശം 15 ലക്ഷം പേർ വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്. ജനുവരി മുതൽ ജൂൺവരെ മാത്രം 3,050ലേറെ പേർ കൊല്ലപ്പെട്ടതായി യുഎൻ കണക്കുകൾ പറയുന്നു. പോർട്ട്-ഓ-പ്രിൻസിന്റെ ഏകദേശം 70 ശതമാനം പ്രദേശവും വിവിധ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് വിലയിരുത്തൽ. അക്രമം തുടരുന്നതിനൊപ്പം ദാരിദ്ര്യവും പട്ടിണിയും കൂടുതൽ രൂക്ഷമാകുകയാണ്.









0 comments