പതിനാറുകാരിക്ക് നേരെ റോബോട്ടിന്റെ ലൈംഗികാതിക്രം; 16കാരനായ ഉടമയെ പിടികൂടി പൊലീസ്

ബെർലിൻ: പതിനാറുകാരിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രം. ജർമനിയിലെ കൊളോൺ നഗരത്തിലാണ് സംഭവം. ഒരു റസ്റ്റോറന്റിന് പുറത്തുവെച്ചാണ് ഹ്യൂമനോയിഡ് റോബോട്ട് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും റോബോട്ട് പിടിച്ചെടുക്കുകയും ചെയ്തു
റോബോട്ടിന്റെ ഉടമയായ 16-കാരനേയും ഇയാളുടെ സുഹൃത്തായ 19-കാരനേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കൊളോൺ നഗരമധ്യത്തിലുള്ള ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിന് സമീപം കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന 16 കാരിയുടെ പിന്നിലെത്തിയ റോബോട്ട്, പെൺകുട്ടിയെ കയറിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി നിലവിളിച്ചുകൊണ്ട് അവിടെനിന്ന് മാറി.
വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ അടിയന്തര സേനാ വിഭാഗവും പൊലീസും ചേർന്ന് പ്രതികളെയും റോബോട്ടും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. റോബോട്ട് ഒരു കാറിന്റെ പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. റോബോട്ടും പ്രതികളുടെ രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോബോട്ട് ആരെങ്കിലും വിദൂരത്തിരുന്ന് നിയന്ത്രിച്ചതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.









0 comments