Deshabhimani

13 വർഷത്തെ അന്വേഷണം; പാർക്കിൽ നിന്ന് കണ്ടെത്തിയത് അപൂർവ വജ്രം; വിപണിവില കോടികൾ

yellow diamonds
വെബ് ഡെസ്ക്

Published on Oct 12, 2026, 05:45 PM | 1 min read

വാഷിങ്ടൺ: അമേരിക്കയിലെ ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിൽ നിന്ന് രത്നവേട്ടക്കാരന് അപൂർവമായ മഞ്ഞ വജ്രം ലഭിച്ചതായി റിപ്പോർട്ടുകൾ. 13 വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ജാക്ക് പിയറാഡിൻ എന്ന രത്നവേട്ടക്കാരന് 6.03 കാരറ്റ് മഞ്ഞ വജ്രം ലഭിച്ചത്. മിക്കോയ് ഷുമാക്കർ എന്ന സുഹൃത്തിനൊപ്പം ചരൽ അരിച്ചെടുക്കുന്നതിനിടയിലാണ് തിളങ്ങുന്ന വജ്രം കണ്ടെത്തിയത്.


നഖത്തിന്റെ അത്രയും വലിപ്പമുള്ള വജ്രം ഈ വർഷം പാർക്കിൽ നിന്ന് കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ വജ്രമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. 2013ലാണ് ജാക്ക് പിയറാഡിൻ തന്റെ രത്നവേട്ട ആരംഭിക്കുന്നത്. ഇതിനോടകം തന്നെ 300ഓളം ചെറിയ കല്ലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ള ഒന്ന് ആദ്യമായാണ് ലഭിക്കുന്നത്.


ഈ വജ്രത്തിന് 'അമേരിക്കൻ ഡ്രീം' എന്നാണ് ഇവർ പേരിട്ടിരിക്കുന്നത്. ഈ അപൂർവ വജ്രത്തിന് 1 ദശലക്ഷം ഡോളർ വരെ (ഏകദേശം 8.3 കോടി മുതൽ 9.6 കോടി രൂപ വരെ) വില ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇതിന്റെ യഥാർഥ വിപണിമൂല്യം വജ്രത്തിന്റെ വ്യക്തത, കട്ട് എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും അതിനാൽ ഈ വജ്രത്തിന് ഏകദേശം 2.5 ലക്ഷം ഡോളർ (ഏകദേശം 2.1 കോടി രൂപ) വരെയാകാമെന്നും പറയുന്നു.


അർക്കൻസസിലുള്ള മർഫ്രീസ്‌ബോറോയിലാണ് ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പൊതുജനങ്ങൾക്കും ചെറിയ പ്രവേശന ഫീസ് നൽകി (നിലവിൽ 15 ഡോളർ) യഥാർത്ഥ വജ്രങ്ങൾക്കായി ഇവിടെ അന്വേഷണം നടത്താനും, ലഭിക്കുന്നവ സ്വന്തമാക്കാനും സാധിക്കുന്ന ലോകത്തിലെ അപൂർവമായ സ്ഥലങ്ങളിൽ ഒന്നാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home