ഇന്ത്യക്കാർക്ക് ആശ്വാസം; എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി ഫ്രാൻസ്

പ്രതീകാത്മക ചിത്രം
പാരിസ്: വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് വലിയ ആശ്വാസമായി ഫ്രാൻസിന്റെ പുതിയ തീരുമാനം. ഫ്രാൻസിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു.
ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ, ഫ്രാൻസിലെ ഏതെങ്കിലും വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര സോണിൽ തങ്ങുന്നതിനും കണക്ഷൻ വിമാനങ്ങളിൽ യാത്ര തുടരുന്നതിനും ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് പ്രത്യേക വിസ എടുക്കേണ്ടി വരില്ല.
യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർ വലിയ തോതിൽ ഫ്രഞ്ച് വിമാനത്താവളങ്ങളെ ആശ്രയിക്കാറുണ്ട്. പുതിയ തീരുമാനത്തോടെ ട്രാൻസിറ്റ് വിസയ്ക്കായി നൽകേണ്ടി വന്നിരുന്ന തുകയും സമയവും ലാഭിക്കാം.
അവസാന നിമിഷം വിമാനങ്ങൾ മാറിക്കയറേണ്ടി വരുമ്പോഴുണ്ടാകുന്ന വിസ സംബന്ധമായ നൂലാമാലകൾ ഇനി ഉണ്ടാകില്ല. കൂടുതൽ ഇന്ത്യൻ യാത്രക്കാരെ പാരിസ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കും. അതേസമയം, വിമാനത്താവളത്തിന് പുറത്തിറങ്ങാനോ നഗരം സന്ദർശിക്കാനോ ഈ ഇളവ് ബാധകമല്ല.
വിമാനത്താവളത്തിലെ ഇന്റർനാഷണൽ ട്രാൻസിറ്റ് ഏരിയയിൽ തന്നെ തുടരുന്നവർക്ക് മാത്രമാണ് വിസ ഒഴിവാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് കടക്കണമെങ്കിൽ സാധാരണ ഷെങ്കൻ വിസ തന്നെ ആവശ്യമാണ്.










0 comments