ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം; സ്കൂളുകൾ അടഞ്ഞു; അടിച്ചമർത്തി പൊലീസ്

പാരിസ്: വിദ്യാഭ്യാസ മേഖലയിലെ അവഗണനയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കുമെതിരെ ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകൾ ഉപരോധിച്ചാണ് ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പലയിടത്തും സമരം സംഘർഷത്തിലേക്ക് നീങ്ങിയെന്ന നിലയിൽ പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനത്തോടെ പാരിസ് മേഖലയിലാണ് പ്രക്ഷോഭത്തിന് തുടക്കമായത്. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവ്, തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ, ജീർണിച്ച സ്കൂൾ കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്കെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാലാ വിദ്യാർഥികളും അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം കൂടുതൽ വ്യാപിച്ചു.
പ്രക്ഷോഭം ശക്തമായതോടെ ചില ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ നടപടികൾ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ രജിസ്ട്രേഷൻ ഫീസ് വർധിപ്പിക്കാനുള്ള നിർദേശം പിൻവലിക്കുമെന്നും സ്കൂൾ ഭരണത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും അധ്യാപക ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
എന്നാൽ സർക്കാർ പ്രഖ്യാപനങ്ങൾ തൃപ്തികരമല്ലെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി. കൂടുതൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ സമരത്തിന് വിദ്യാർഥി സംഘടനകൾ അടുത്ത ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രക്ഷോഭത്തിന് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടി (പിസിഎഫ്) പിന്തുണ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങളുടെ പേരിൽ വിദ്യാർഥി പ്രക്ഷോഭത്തെ "നഗരങ്ങളില അതിക്രമമായി" ഒരുവിഭാഗം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതിനെ പിസിഎഫ് അപലപിച്ചു.
സമൂഹമാധ്യമങ്ങളുടെ സ്വാധീനം
സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളും വീഡിയോകളും പ്രക്ഷോഭത്തിന് കൂടുതൽ പ്രചാരം നൽകുന്നുണ്ട്. പ്രത്യേകിച്ച് ടിക്‌ടോക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു.
കത്തുന്ന മാലിന്യക്കൂമ്പാരങ്ങളുടെയും കണ്ണീർവാതകം പ്രയോഗിക്കുന്ന പൊലീസിന്റെയും ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ മൊബൈൽ ഫോണുകളിൽ പകർത്തുന്നു. നിരവധി ഓൺലൈൻ ചാനലുകൾ ഈ ദൃശ്യങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ഏറ്റവും സംഘർഷഭരിതമായ രംഗങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
സ്കൂളുകൾ ഉപരോധിക്കുകയും മാലിന്യപ്പെട്ടികൾക്കും മറ്റ് വസ്തുക്കൾക്കും തീയിടുകയും പൊലീസിന് നേരെ വസ്തുക്കൾ എറിയുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിന് പിന്നാലെ ചിലയിടങ്ങളിൽ പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം, റബർ ബുള്ളറ്റുകൾ, ലാത്തി എന്നിവ ഉപയോഗിച്ചു. മധ്യ ഫ്രാൻസിലെ ടൂർസിൽ ബുധനാഴ്ച പൊലീസും വിദ്യാർഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു യുവാവിന് വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി നഗരത്തിലെ പ്രോസിക്യൂട്ടർ അറിയിച്ചു.
സുരക്ഷാസേനയുടെ അതിക്രമം ആരോപിക്കുന്ന നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റിനിടെ ഒരു വനിതാ പൊലീസുകാരൻ പെൺകുട്ടിയുടെ കഴുത്തിൽ കൈ ചുറ്റിപ്പിടിക്കുന്ന ദൃശ്യവും ഇതിലുണ്ട്.
രാജ്യത്തെ 3700 ഓളം ഹൈസ്കൂളുകളിൽ മൂന്നിലൊന്നിലധികം വ്യാഴാഴ്ച അടച്ചിടുകയോ പ്രവർത്തനം തടസ്സപ്പെടുകയോ ചെയ്തതായും വെള്ളിയാഴ്ചയോടെ 400 ലധികം സ്കൂളുകൾ പൂർണമായി അടച്ചതായും വിദ്യാഭ്യാസമന്ത്രി എഡ്വാർഡ് ജെഫ്രേ അറിയിച്ചു.
പ്രക്ഷോഭത്തിനിടെ പോലീസിന്റെ കിരാത നടപടികളിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച മുതൽ രാജ്യത്താകെ ഏകദേശം 5,000 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും കൗമാരക്കാരാണ്.
പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറരുതെന്ന് പാരിസ് പൊലീസ് മേധാവി പാട്രിസ് ഫോവർ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തിലേക്ക് മടങ്ങണമെന്നും അക്രമവും പൊതുസ്വത്ത് നശിപ്പിക്കലും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അധ്യാപകരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, ക്ലാസ് മുറികളിലെ തിരക്ക് കുറയ്ക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് വർധിപ്പിക്കുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ. ഉന്നത വിദ്യാഭ്യാസ പ്രവേശന സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലം
ഫ്രാൻസിൽ സര്‍ക്കാര്‍ 54 ബില്യൺ യൂറോയുടെ ചെലവുചുരുക്കൽ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അധ്യാപകരെയും അഗ്നി രക്ഷാ സേനാ ജീവനക്കാരെയും വെട്ടിക്കുറക്കാൻ പദ്ധതിയിട്ടു. ഇതോടെ വിദ്യാഭ്യാസ രംഗത്ത് വലിയ അമര്‍ഷവും പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നു.
ഇപ്പോൾ തന്നെ ഒരു ക്ലാസിൽ 32 മുതൽ 35 വരെ കുട്ടികളുണ്ട്. പ്രത്യേക അധ്യാപകരുടെ കുറവും നിലനിൽക്കുന്നു. ഇവ ഇനിയും വര്‍ധിപ്പിച്ച് തങ്ങളുടെ ഭാവി തകര്‍ക്കരുതെന്ന് വിദ്യാര്‍ഥികൾ ആവശ്യപ്പെടുന്നു.
വിശാലമായി കഫറ്റീരിയകൾ ഇല്ല. ചൂടുകാലത്ത് എ സിയും തണുപ്പ് കാലത്ത് ഹീറ്ററുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ ഉണ്ടാവുന്നില്ല,ശൗചാലയങ്ങളിൽ മതിയാ സൗര്യമില്ല എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ പരാതി. ഇവ പാടെ അവഗണിച്ചതോടെ അമര്‍ഷം പുകഞ്ഞു. രാജ്യം മുഴുവൻ വിദ്യാലയങ്ങളിൽ പ്രതിഷേധം പടര്‍ന്നു.









0 comments