എയർ ആംബുലൻസ് റഡാറിൽ നിന്ന് അപ്രത്യക്ഷമായി; രോഗിയടക്കം 6 പേരെ കാണാതായി

പ്രതീകാത്മക ചിത്രം, Photo: Reuters
നാന്റക്കറ്റ്: രോഗിയുമായി പോയ എയർ ആംബുലൻസ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. കാനഡയിലെ ഒന്റാറിയോയിലെ ഹാമിൽട്ടൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ്' എന്ന മെഡിക്കൽ ഏവിയേഷൻ കമ്പനിയുടെ 'ഗൾഫ്സ്ട്രീം ജി 100' വിമാനമാണ് അപകടത്തിൽപ്പെട്ടത്. രോഗിയടക്കം ആറുപേരെ കാണാതായി. ഇവർക്കായി യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചു. ബെർമുഡയിൽനിന്ന് യുഎസിലേക്കുള്ള ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.
മസാച്യുസെറ്റ്സിലെ നാന്റക്കറ്റ് തീരത്തിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ ബെർമുഡയിലെ ആശുപത്രിയിൽനിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് മാറ്റുന്നതിനുള്ള മെഡിക്കൽ ഇവാക്വേഷൻ ദൗത്യത്തിലായിരുന്നു വിമാനം. യാത്രക്കിടെ 9,000 അടിയിലധികം താഴേക്ക് പതിച്ച ശേഷമാണ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ നിലച്ചത്. നാന്റക്കറ്റ് ദ്വീപിന് തെക്കുവശത്തുള്ള കടൽപ്രദേശത്താണ് യുഎസ് കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.








0 comments