print edition ബെർലിൻ പിടിച്ചടക്കി ചെങ്കൊടി

Photo: Reuters
ബെർലിൻ: നവലിബറൽ മുതലാളിത്ത സാമ്പത്തിക പരിഷ്കാരങ്ങളുടെ വക്താക്കളായ ജർമൻ സർക്കാരിന് കനത്ത തിരിച്ചടി നൽകി തലസ്ഥാന നഗരമായ ബെർലിനിൽ ഇടതുപക്ഷത്തിന്റെ വിജയക്കുതിപ്പ്. പ്രമുഖ ഇടതുപക്ഷ പാർടിയായ ‘ഡീ ലിങ്കെ' ബെർലിൻ സംസ്ഥാന തെരഞ്ഞെടുപ്പിൽ 25.70 ശതമാനം വോട്ടുനേടിയാണ് വെന്നിക്കൊടി പാറിച്ചത്. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്‌സിന്റെ യാഥാസ്ഥിതിക ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർടിക്ക് 18.80 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. വംശീയ അധിക്ഷേപങ്ങളും കുടിയേറ്റവിരുദ്ധതയും മുഖമുദ്രയാക്കിയ തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്ഡി 16.30 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്താണ്. ഗ്രീൻ പാർടി 14.3 ശതമാനവും ഇടതുപക്ഷ കക്ഷിയായ എസ്‌പിഡി 12.10 ശതമാനം വോട്ടുംനേടി.
1990-ൽ ഐക്യജർമനി നിലവിൽവന്നശേഷം ഇതാദ്യമായാണ് ബെർലിൻ മേയർ പദവിയിലേക്ക് ഇടതുപക്ഷ പ്രതിനിധി എത്തുന്നത്. സഖ്യകക്ഷികളുടെ പിന്തുണയോടെയാകും ഡീ ലിങ്കെ ഭരണം. വെറുപ്പിന്റെയും വംശീയതയുടെയും രാഷ്ട്രീയത്തെ തോൽപ്പിച്ച് തലസ്ഥാന നഗരത്തിൽ സ്നേഹവും സാമൂഹ്യനീതിയും വിജയം വരിച്ചതായി ഡീ ലിങ്കെയുടെ പ്രധാന സ്ഥാനാർഥി എലിഫ് എറാൾപ് പ്രഖ്യാപിച്ചു.
മുതലാളിത്ത സാമ്പത്തിക പ്രതിസന്ധികൾ സാധാരണക്കാരുടെയും തൊഴിലാളികളുടെയും തലയിൽ കെട്ടിവയ്ക്കുന്ന ജർമൻ ഭരണകൂടത്തിനെതിരെ ജനകീയ ഇടതുപക്ഷ ബദൽ ശക്തിപ്പെടുന്നതിന്റെ തെളിവാണ് ബെർലിനിലെ ചുവപ്പ് മുന്നേറ്റം.
തീവ്ര വലതുപക്ഷത്തിന്റെ വളർച്ചയെ നേരിടാൻ ഇടതുപക്ഷമാണ് ഏറ്റവും മികച്ച ബദലെന്ന സന്ദേശമാണ് ഇൗ ജനവിധിയിലൂടെ വ്യക്തമാകുന്നതെന്ന് ഡീ ലിങ്കെ നേതാവ് ഐനസ് ഷ്വെർഡ്റ്റ്നർ പറഞ്ഞു. തെരഞ്ഞെപ്പടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചാൻസലർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ജനവിധി വലിയ ദുരന്തമാണെന്ന് സമ്മതിച്ചെങ്കിലും രാജിവയ്ക്കില്ലെന്നും ചെലവുചുരുക്കൽ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് മെഴ്‌സിന്റെ ധിക്കാരപരമായ നിലപാട്. അധികാരമേറ്റ് 16 മാസത്തിനുള്ളിൽ മെഴ്‌സിന്റെ ജനപ്രീതി 14 ശതമാനമായി കുത്തനെ ഇടിഞ്ഞു. ജനക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന കോർപറേറ്റ് പ്രീണന പരിഷ്കാരങ്ങൾക്കെതിരെ ജനങ്ങളിൽനിന്നു കടുത്ത സമ്മർദ്ദമാണ് അദ്ദേഹം നേരിടുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്ഡി 38.2 ശതമാനം വോട്ടോടെ ഒന്നാംസ്ഥാനത്തെത്തി. മെഴ്‌സിന്റെ പാർടിയായ സിഡിയുവിന് സംസ്ഥാന സഭയിൽ സീറ്റ് നേടാനുള്ള 5 ശതമാനം വോട്ടുപോലും നേടാനായില്ല.










0 comments