വമ്പൻ ഐപിഒയ്ക്ക് നീക്കം
ഡാറ്റാ സെന്ററുകൾ ബഹിരാകാശത്തേക്ക്; റോക്കറ്റ്–എഐ ബിസിനസുകൾ ലയിപ്പിച്ച് മസ്ക്

എലോൺ മസ്‌ക് തന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനവും നിര്‍മ്മിത ബുദ്ധി സംരംഭങ്ങളും ഒരൊറ്റ കമ്പനിയുടെ കീഴിൽ ഏകീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഈ വർഷം പ്രഖ്യാപിക്കാനിരിക്കുന്ന വമ്പൻ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (IPO)മുന്നോടിയായാണ് ഈ നീക്കം.
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയായ മസ്‌കിന്റെ റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ്‌എക്സ് (SpaceX),അദ്ദേഹത്തിന്റെ തന്നെ കൃത്രിമ ബുദ്ധി കമ്പനിയായ xAIയെ ഏറ്റെടുത്തതായി തിങ്കളാഴ്ച പരസ്യ പ്രസ്താവന നടത്തിയിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യയും എഐ വികസനവും ഒരുമിപ്പിക്കയാണ്. ഭാവിയിലെ സാങ്കേതിക വികസനങ്ങളുടെ ദിശ തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണായക നീക്കമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
ലയനത്തോടെ മസ്‌കിന്റെ നിരവധി പ്രധാന സംരംഭങ്ങൾ ഒരൊറ്റ കോർപ്പറേറ്റ് ഘടനയിൽ ഉൾപ്പെടും.ഇതിൽ xAI വികസിപ്പിച്ച എഐ ചാറ്റ്ബോട്ട് ‘ഗ്രോക്ക്’ (Grok),ഉപഗ്രഹ ആശയവിനിമയ സേവനമായ സ്റ്റാർലിങ്ക് (Starlink),സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ X (മുൻ ട്വിറ്റർ)എന്നിവയും ഉൾപ്പെടുന്നു.
ഡാറ്റാ സെന്ററുകൾ ബഹിരാകാശത്തേക്ക്
ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ വിഭാവനം ചെയ്യുന്നതായി എലോൺ മസ്‌ക് പലതവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ ഊർജ്ജപരിമിതികളും താപനിയന്ത്രണ പ്രശ്നങ്ങളും മറികടക്കാൻ എന്നാണ് വിശദീകരിച്ചത്. ബഹിരാകാശ ഡാറ്റാ സെന്ററുകൾ ഇത്തരം വെല്ലുവിളികളെ മുഴുവൻ മറികടക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
സ്പേസ്‌എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യയും സ്റ്റാർലിങ്കിന്റെ ഉപഗ്രഹ ശൃംഖലയും xAIയുടെ കൃത്രിമ ബുദ്ധി കഴിവുകളും ഒരുമിച്ച് വരുന്നതോടെ,ഈ ലക്ഷ്യം കൈവരിക്കൽ കൂടുതൽ എളുപ്പമാകുമെന്നാണ് കണക്ക് കൂട്ടൽ.
വില്പന ഭൂമിയിൽ
ഈ ലയനത്തിലൂടെ,ബഹിരാകാശ സാങ്കേതികവിദ്യ,എഐ,സോഷ്യൽ മീഡിയ,ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയിലുടനീളം മസ്‌കിന്റെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നാണ് വ്യവസായ നിരീക്ഷകർ പറയുന്നത്.വരാനിരിക്കുന്ന ഐപിഒ സാങ്കേതിക മേഖലയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനകളിൽ ഒന്നായേക്കുമെന്നും വിലയിരുത്തലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ലയിപ്പിച്ച കമ്പനിയുടെ മൂല്യം 1.25 ട്രില്യൺ ഡോളറായിരിക്കും. ഈ വർഷം അവസാനം സാധ്യതയുള്ള IPO-യ്ക്ക് ശേഷം ഓഹരികൾ ഓരോന്നും ഏകദേശം 527 ഡോളറിന് വ്യാപാരം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.










0 comments