ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

മനാമ: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ച ചെറിയപെരുന്നാള്‍. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടതിനാല്‍ ഞയാറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. അതേസമയം, ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ റംസാന 30 പൂര്‍ത്തീകരിച്ച് ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന മതകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിവസമാണെന്നും മാര്‍ച്ച് 29 ശനിയാഴ്ച റംസാനിന്റെ അവസാന ദിവസമാണെന്നും യുഎഇയുടെ ചന്ദ്രക്കാഴ്ച കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച പെരുന്നാളായിരിക്കുമെന്ന് ഖത്തറും കുവൈത്തും അറിയിച്ചു. ഇറാനില്‍ തിങ്കളാഴ്ചയാണ് പെരുന്നാള്‍.
ശനിയാഴ്ച റംസാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ ആളുകളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നേരിട്ടോ ടെലിസ്‌കോപ്പിലൂടെയോ മാസപ്പിറവി കണ്ടവര്‍ അടുത്തുള്ള കോടതിയില്‍ നേരിട്ട് ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
സൗദിയില്‍ 15,948-ലധികം പള്ളികളിലും 3,939 മൈതാനങ്ങളിലും ഞായറാഴ്ച രാവിലെ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കും. സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ മൂന്നു ദിവസവും ഖത്തറില്‍ പൊതുമേഖലയില്‍ ഒന്‍പത് ദിവസവും ഒമാനില്‍ അഞ്ചു ദിവസവും ഈദ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments