കോംഗോയിൽ പടർന്ന് എബോള; മരണസംഖ്യ 4,000 കടന്നു

photo credit: AFP
ബുനിയ : കോംഗോയിൽ പടർന്നുപിടിച്ച് എബോള. പകർച്ചവ്യാധിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,000 കടന്നതായി അധികൃതർ അറിയിച്ചു. വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 8,300 കേസുകൾ സ്ഥിരീകരിച്ചു. 4,018 പേർ ഇതുവരെ മരണമടഞ്ഞു. സ്ഥിരീകരിച്ച കേസുകളിൽ ഏകദേശം പകുതിയോളം പേരാണ് മരിച്ചത്.
മേയ് 15നാണ് അപൂർവമായ ബുണ്ടിബുഗ്യോ വൈറസ് മൂലമുണ്ടായ എബോള കോംഗോയിൽ പടരുന്നതായി അധികൃതർ വ്യക്തമാക്കിയത്. അംഗീകൃത വാക്സിനുകളോ ചികിത്സയോ ഇല്ലാത്ത ബുണ്ടിബുഗ്യോ വൈറസാണ് നിലവിലെ രോഗബാധയ്ക്ക് കാരണം. സമ്പർക്കം കണ്ടെത്തുന്നതിലെ കാലതാമസം, രോഗം വ്യാപിച്ച സംഘർഷബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ജനങ്ങളുടെ അവിശ്വാസം, സായുധ സംഘങ്ങളുടെ ആക്രമണം, സുരക്ഷ ബുദ്ധിമുട്ടുകൾ എന്നിവ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആഫ്രിക്കൻ സിഡിസി പറഞ്ഞു. സംഘർഷത്തെത്തുടർന്നും അനധികൃത ഖനനം മൂലവും നിരവധി പേർ പലായനം ചെയ്തത് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിന് തടസമായി.
കിഴക്കൻ കോംഗോയിലെ വിദൂര പ്രവിശ്യയായ ഇറ്റൂരിയിലാണ് 90 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കിസംഗാനി ഉൾപ്പെടെ മറ്റ് അഞ്ച് പ്രവിശ്യകളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും രോഗബാധയുണ്ടായെങ്കിലും ജൂൺ മധ്യത്തിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടതിനെത്തുടർന്ന് രാജ്യം എബോള മുക്തമായതായി അധികൃതർ പ്രഖ്യാപിച്ചു.
മുൻകാലങ്ങളിലേക്കാൾ വേഗത്തിലാണ് രോഗവ്യാപനമെന്നും മരണസംഖ്യ ഉയർന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. 2014- 2016ൽ 28,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 11,000 പേർ മരിച്ചു. ഈ കാലയളവിൽ രോഗം പൊട്ടിപ്പുറപ്പെട്ട ശേഷം എട്ടുമാസത്തിനിടെയാണ് 1000 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂലൈ മധ്യത്തിൽ ആഴ്ചയിൽ ഏകദേശം 850 കേസുകളും 470 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സെപ്തംബറിൽ ഇത് ശരാശരി 490 കേസുകളും 230 മരണങ്ങളുമായി കുറഞ്ഞു.
പകർച്ചവ്യാധിയുടെ കേന്ദ്രമായ വടക്കുകിഴക്കൻ ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയയിൽ ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു. മാസങ്ങളായി ലഭിക്കാനുള്ള ശമ്പളം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പകർച്ചവ്യാധി ആരംഭിച്ചതിന് ആരോഗ്യപ്രവർത്തകർ പലതവണ പണിമുടക്കിയിട്ടുണ്ട്. ഇതും രോഗനിയന്ത്രണ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ബുനിയയുടെ പ്രാന്തപ്രദേശമായ കിഗോൻസെയിൽ എബോള ബാധിതർക്കായുള്ള ട്രാൻസിറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്ന ക്യാമ്പ് ഈ ആഴ്ച ആദ്യം സൈനികർ കത്തിച്ചതായി ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആയുധങ്ങൾ തേടിയുള്ള സൈനിക പരിശോധനയ്ക്കിടെയാണ് സംഭവം. ഇതോടെ ക്യാമ്പിലുണ്ടായിരുന്ന 19,000 പേർ പലായനം ചെയ്തു.
പുതുതായി സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം കുറയുന്നതായി ആഫ്രിക്ക സിഡിസി പറയുന്നു. എന്നാൽ ചില ഹോട്ട്‌സ്‌പോട്ടുകളിൽ നിലനിൽക്കുന്ന സുരക്ഷാ പ്രശ്നങ്ങളും ജനങ്ങളിൽ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതും കാരണം യഥാർത്ഥ രോഗവ്യാപനം പൂർണമായി രേഖപ്പെടുത്താൻ കഴിയാത്തതാകാം കുറവിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.ചില പ്രദേശങ്ങളിൽ രോഗവ്യാപനം മന്ദഗതിയിലായെങ്കിലും മറ്റു പ്രദേശങ്ങളിൽ വ്യാപനത്തോത് കൂടിയിട്ടുണ്ട്. ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.








0 comments