ad
Deshabhimani

ആപ്പിളിന് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം; ആപ്പിൾ ന്യൂസിൽ പക്ഷപാതമെന്ന് ആരോപണം

Trump.jpg
വെബ് ഡെസ്ക്

Published on Feb 14, 2026, 10:17 AM | 1 min read

വാഷിംഗ്ടൺ: ടെക് ഭീമനായ ആപ്പിളിന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആപ്പിളിന്റെ 'ആപ്പിൾ ന്യൂസ്' ആപ്പ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നും യാഥാസ്ഥിതിക മാധ്യമങ്ങളെ മനഃപൂർവ്വം തഴയുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.


ഇത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ ചെയർമാൻ ആൻഡ്രൂ ഫെർഗൂസൺ ആപ്പിൾ സിഇഒ ടിം കുക്കിന് അയച്ച കത്തിൽ വ്യക്തമാക്കി. ആപ്പിൾ ന്യൂസ് പ്ലാറ്റ്‌ഫോമിൽ ഇടത്പക്ഷ അനുഭാവമുള്ള മാധ്യമങ്ങളുടെ ലേഖനങ്ങൾക്കും വാർത്തകൾക്കും അമിത പ്രാധാന്യം നൽകുന്നുവെന്നാണ് പ്രധാന പരാതി.


ജനുവരി മാസത്തിൽ ആപ്പിൾ ന്യൂസ് പ്രസിദ്ധീകരിച്ച 620 പ്രധാന വാർത്തകൾ പരിശോധിച്ചപ്പോൾ, ഫോക്സ് ന്യൂസ്, ന്യൂയോർക്ക് പോസ്റ്റ് തുടങ്ങിയ പ്രമുഖ യാഥാസ്ഥിതിക മാധ്യമങ്ങളുടെ ഒരു വാർത്ത പോലും പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.


അതേസമയം ദ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചു. ഇത്തരത്തിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനം ഫെഡറൽ നിയമലംഘനത്തിന് തുല്യമാണെന്നും നടപടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.


അമേരിക്കയിൽ വൻതോതിലുള്ള നിക്ഷേപം നടത്തുമെന്ന് ടിം കുക്ക് നേരത്തെ വൈറ്റ് ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളിനെതിരെ കടുത്ത നിലപാടുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home