വ്യാപാര കരാറിന് മുൻപേ നിരോധിത കീടനാശിനി തളിക്കാൻ അനുമതി
ഡികാംബയ്ക്ക് വീണ്ടും അനുമതി; യു എസ് പരിസ്ഥിതി ഏജൻസി തീരുമാനത്തിനെതിരെ സാധാരണ കര്‍ഷകര്‍


എൻ എ ബക്കർ
Published on Feb 07, 2026, 02:46 PM | 3 min read
വാഷിങ്ടൺ: വിവാദ കളനാശിനി ഡികാംബ ഉപയോഗിക്കാൻ അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയായ (EPA) വീണ്ടും അനുമതി നൽകി. സമീപത്തെ കൃഷിയിടങ്ങളിലേക്കും സസ്യങ്ങളിലേക്കും പകര്‍ന്ന് നാശം വിതയ്ക്കുന്ന പ്രവണത കാരണം വ്യാപകമായ വ്യാപകമായി എതിര്‍ക്കപ്പെട്ട കളനാശിനിയാണ്.
ജനിതകമായി പരിഷ്കരിച്ച (GM)സോയാബീൻ,കോട്ടൺ വിളകൾക്ക് ഡികാംബ ചെറുക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ഇതിനു ചുറ്റുമുള്ള കളകളെ നശിപ്പിക്കും. കൂട്ടത്തിൽ സാധാരണ വിത്തുകളിൽ നിന്നുള്ള ഇതര സസ്യ ജാലങ്ങളെ കൂടി ഇത് നശിപ്പിക്കും .ജനിതക പരിഷ്കരണം വരുത്താത്ത വിളകൾ കൃഷി ചെയ്യുന്നവര്‍ക്ക് ശത്രുവാകും.
വേഗത്തിൽ വളരുന്ന പുല്ലുകൾ മൂലം കർഷകർക്ക് വലിയ നഷ്ടമുണ്ടാകുന്നുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ ഡികാംബ അനിവാര്യമാണെന്നുമാണ് ഇപിഎയുടെ ന്യായീകരണം. പുല്ലുകളെ നശിപ്പിക്കുകയും എന്നാൽ ജനിതകമായി പരിഷ്കരിച്ച വിളകൾക്ക് കേടുവരുത്താതെയും പ്രവർത്തിക്കുന്നതാണ് ഡികാംബ. ദശകങ്ങളായി ഉപയോഗത്തിലുണ്ടെങ്കിലും,അടുത്ത കാലത്താണ് ഇത് കൂടുതൽ വ്യാപകമായി പ്രയോഗിക്കപ്പെടാൻ തുടങ്ങിയത്.
സുരക്ഷിതമായി ഉപയോഗിക്കപ്പെടുന്നതിനായി കർശന നിയന്ത്രണങ്ങളും പരിധികളും ഏർപ്പെടുത്തിയിട്ടുണ്ടാണ് ന്യായീകരണം. പരിസ്ഥിതി പ്രവർത്തകർ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. 2020ലും 2024ലും സമാന ശ്രമങ്ങൾ കോടതികൾ തടഞ്ഞിട്ടുണ്ടെന്നും, ഇപ്പോഴത്തെ അനുമതി ഡികാംബയുടെ ഉപയോഗം വൻതോതിൽ വർധിപ്പിക്കുകയും പരിസ്ഥിതിക്കും മനുഷ്യാരോഗ്യത്തിനും കൂടുതൽ ദോഷം ഉണ്ടാക്കുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
‘മേക് അമേരിക്ക ഹെൽത്തി അഗെയിൻ’ (MAHA)പ്രസ്ഥാനത്തിലെ പ്രവർത്തക കെല്ലി റയേഴ്സൺ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു. ഡികാംബയുടെ മേൽതല പ്രയോഗം പൂർണ്ണമായി നിരോധിക്കപ്പെടണം എന്നതായിരുന്നു ഇവരുടെ ആവശ്യം.
ഇത് MAHA-യും EPA-യും തമ്മിലുള്ള വിഷയമല്ലെന്നും,ഡികാംബ കർഷകർ ആവശ്യപ്പെടുന്നതാണെന്നും പരിസ്ഥിത ഏജൻസി വാദിക്കുന്നു. അന്യസ്ഥലങ്ങളിലേക്ക് രാസവസ്തു ഒഴുകിപ്പോകുന്ന പ്രശ്നം ഉണ്ടാവാം, അതിനെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏക്കറിന് പ്രയോഗിക്കാവുന്ന അളവിലും,ചൂടേറിയ ദിവസങ്ങളിലെ ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമീപ വിളകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ബഫർ സോണുകളും നിർബന്ധമാക്കിയിട്ടുണ്ട്. എന്നിങ്ങനെയും വാദങ്ങൾ ഉയര്‍ത്തി ന്യായീകരിക്കുന്നു.
നിയമങ്ങൾ കൃത്യമായി പാലിച്ചാൽ മനുഷ്യാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉണ്ടാകില്ലെന്ന് EPAഅവകാശപ്പെടുന്നു. എന്നാൽ ഈ നിയമ പാലനം എത്രത്തോളം പ്രായോഗികമാവും എന്നതിൽ വിശദീകരണമില്ല. അമേരിക്കൻ സോയാബീൻ അസോസിയേഷൻ ഈ കളനാശിനി അനുവദിച്ചതിനെ സ്വാഗതം ചെയ്തു.വ്യക്തമായ നിയമങ്ങൾ അടുത്ത കൃഷിക്കാലത്തിനുള്ള തയ്യാറെടുപ്പിനും പുല്ല് നിയന്ത്രണത്തിനും സഹായകരമാകുമെന്ന് സംഘടന പറഞ്ഞു.
സബ്സിഡി, നിരോധിത കീടനാശിനി,
ഈ വിളകൾ ആരു തിന്നും
പരിസ്ഥിതി സംഘടനകൾ ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ഡികാംബ ഒഴുകിപ്പോകുന്നതിലൂടെ വൻ കൃഷിയിടങ്ങൾ,പച്ചക്കറി ഫാമുകൾ,മരങ്ങൾ,മറ്റ് നിർണായക സസ്യങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായതായി അവർ ഉദാഹരണ സഹിതം ചൂണ്ടികാട്ടി. ഡൊണൾഡ് ട്രംപിന്റെ വൻ വോട്ട് ബാങ്കാണ് സോയാബീൻ കര്‍ഷകര്‍. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് നികുതി രഹിതമായി ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക വസ്തുക്കളുടെ പട്ടികയിൽ സോയാബീൻ പ്രത്യേക ഐറ്റമാണ്. പുതിയ വ്യാപര കരാറിൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലേക്ക് സൊയാബീൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം പൂജ്യമാക്കിയിട്ടുണ്ട്.
“പൊതുജനാരോഗ്യത്തിന്റെയും പരിസ്ഥിതിയുടെയും പ്രത്യാഘാതങ്ങൾ അവഗണിച്ച് കീടനാശിനി വ്യവസായത്തെ സന്തോഷിപ്പിക്കാൻ ഭരണകൂടം തയ്യാറാകുകയാണ്,”എന്ന് സെന്റർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റിയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്ര ഡയറക്ടർ നാഥൻ ഡോണ്ലി ആരോപിച്ചു.
നിയന്ത്രണങ്ങൾ അപര്യാപ്തമാണെന്നും, വർഷത്തിലെ ഏറെ ദിവസങ്ങളിലും ഏറെ സമയത്തും പ്രയോഗം അനുവദിക്കുന്നതിലൂടെ അപകടസാധ്യത തുടരുന്നതായും നിലവിലെ ബഫർ സോണുകൾ ഫലപ്രദമല്ലെന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ഡികാംബയുടെ ആരോഗ്യപ്രതിഫലങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ തുടരുകയാണ്. 2020ൽ ഇന്റർനാഷണൽ ജേർണൽ ഓഫ് എപ്പിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ,ഡികാംബ സമ്പർക്കം ജീവികളിൽ കരൾ കാൻസറും രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന ഒരു ല്യൂക്കീമിയയും ഉൾപ്പെടെ രോഗങ്ങൾക്കും പ്രേരകമാവുന്നതായി കണ്ടെത്തിയിരുന്നു.
ഡികാംബ നിർമ്മാതാക്കളായ ബെയർ കമ്പനിക്ക് പരിസ്ഥിത അനുമതിയോടെ ഫെഡറൽ രജിസ്ട്രേഷൻ ലഭിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച തന്നെ പരിശീലന പരിപാടികളും ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.പച്ചപ്പിന് മുഴുവൻ ഭീഷണിയാവുന്നതും ജനിതക മാറ്റം വരുത്തിയവരെ മാത്രം അവശേഷിപ്പിക്കയും ചെയ്യുന്ന കളനാശിനി ഇതോടെ വൻ തോതിൽ പ്രയോഗിക്കാൻ സാഹചര്യം ഒരുങ്ങുകയാണ്.
യൂറോപ്പിലും നിയന്ത്രണം
ഡികാംബ ഒരു വിശാലമായ സ്പെക്ട്രം കളനാശിനിയാണ്. യൂറോപ്യൻ യൂണിയനിൽ, ഡികാംബയെ ഒരു സംശയിക്കപ്പെടുന്ന എൻഡോക്രൈൻ ഡിസ്റപ്റ്റർ ആയി തരംതിരിച്ചിട്ടുണ്ട്. അതായത് ശരീരത്തിന്റെ ഹോർമോണുകളെയും സാധാരണ പ്രവർത്തനത്തെയും തടസ്സപ്പെടുത്താൻ ഇതിന് കഴിവുണ്ട്. ചില ശാസ്ത്രീയ പഠനങ്ങളിൽ ഇതിനെ കാൻസറിനും ഹൈപ്പോതൈറോയിഡിസത്തിനും കാരണമാകുന്നതായി കാണിക്കുന്നു എന്നും വിശദീകരിക്കുന്നു.
അമേരിക്ക നേരത്തെ നിരോധിച്ചത്
കളനാശിനിയെ സഹിക്കാൻ ജനിതകമായി രൂപകൽപ്പന ചെയ്ത പരുത്തി, സോയാബീൻ ചെടികളിൽ പുതിയ ഡികാംബ പ്രയോഗങ്ങൾക്ക് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) അംഗീകാരം നൽകിയിരുന്നു. പക്ഷേ ഇതോടെ ദശലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയിൽ ഡികാംബ വ്യാപകമായ വിളനാശം വരുത്തി.
ഡികാംബ ഉപയോഗം യുഎസ് ഫാമുകളിൽ വിളനാശത്തിന് കാരണമാകുമെന്ന് മൊൺസാന്റോയ്ക്കും BASF-നും അറിയാമായിരുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
തുടര്‍ന്ന് കോടതികൾ രണ്ടുതവണ അതിന്റെ ഉപയോഗം തടഞ്ഞു. കീടനാശിനി കമ്പനികളായ ബേയറിനും ബിഎഎസ്എഫിനും എതിരെ ഡസൻ കണക്കിന് കർഷകർ നൽകിയ കേസുകൾ നിലവിലുണ്ട്.
2020-ൽ, ഡികാംബ ഡ്രിഫ്റ്റ് പ്രശ്നത്തെക്കുറിച്ച് പരിസ്ഥിതി ഗ്രൂപ്പുകൾ ഇപിഎയ്‌ക്കെതിരെ കേസ് നൽകി. അന്ന്, ഡികാംബയുടെ അപകടസാധ്യതകളെ ഏജൻസി "ഗണ്യമായി കുറച്ചുകാണിച്ചു" എന്നും കളനാശിനി "തർക്കമില്ലാത്ത നാശനഷ്ടങ്ങൾ" വരുത്തിയെന്നും കോടതി പറഞ്ഞു. എന്നാൽ ഇപിഎ ഡികാംബയെ വീണ്ടും രജിസ്റ്റർ ചെയ്തു, പ്രയോഗ അനുമതി പുനസ്ഥാപിച്ചു നൽകി.
പരിസ്ഥിതി ഗ്രൂപ്പുകൾ വീണ്ടും കോടതിയിൽ അവരെ വെല്ലുവിളിച്ചു. 2024 ൽ, അരിസോണയിലെ ഒരു ഫെഡറൽ കോടതി ഡികാംബ രജിസ്ട്രേഷൻ ഉപേക്ഷിക്കാൻ രണ്ടാം തവണയും ഇപിഎയോട് ഉത്തരവിട്ടു. ഇതു തുടരുന്നതിനിടെ 2025 ജൂലൈയിൽ, ഡികാംബ വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള പദ്ധതികൾ ഇപിഎ പ്രഖ്യാപിച്ചു. ഇപ്പോൾ വീണ്ടും അനുമതി തുറന്നു നൽകിയിരിക്കയാണ്.
ഡികാംബ
ഡികാംബ (3,6-ഡിക്ലോറോ-2-മെത്തോക്സിബെൻസോയിക് ആസിഡ്) 1967 ൽ ആദ്യമായി രജിസ്റ്റർ ചെയ്ത ഒരു വിശാലമായ സ്പെക്ട്രം കളനാശിനിയാണ്. കാർഷിക വിളകൾ, തരിശുഭൂമി, മേച്ചിൽപ്പുറങ്ങൾ, ടർഫ്ഗ്രാസ്, റേഞ്ച്‌ലാൻഡ് എന്നിവയിൽ കളനാശിനി ഉപയോഗിക്കുന്നു. ഗോൾഫ് കോഴ്‌സുകൾ ഉൾപ്പെടെയുള്ള റെസിഡൻഷ്യൽ ഏരിയകളിലെ കാർഷികേതര ഉപയോഗങ്ങൾക്കും ഡികാംബ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാഷണൽ പെസ്റ്റിസൈഡ് ഇൻഫർമേഷൻ സെന്റർ പ്രകാരം, യുഎസിൽ വിൽക്കുന്ന 1,000-ലധികം ഉൽപ്പന്നങ്ങളിൽ ഡികാംബ ഉൾപ്പെടുന്നു. ഡികാംബയുടെ പ്രവർത്തനരീതി ഒരു ഓക്സിൻ അഗോണിസ്റ്റ് എന്ന നിലയിലാണ്. ഇത് കലകളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും സസ്യങ്ങളുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.










0 comments