Deshabhimani

തെരഞ്ഞെടുപ്പിന് മുൻപ് ഇസ്രയേലിൽ ആഭ്യന്തര സംഘർഷത്തിന് സാധ്യത; സിഐഎ റിപ്പോർട്ട്

CIA

Image Credit : AL-Jazeera

വെബ് ഡെസ്ക്

Published on Oct 08, 2026, 09:44 AM | 1 min read

വാഷിങ്ടൺ : തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രയേലിൽ ആഭ്യന്തര സംഘർഷമോ ഭരണകൂട തകർച്ചയോ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി സിഐഎ വിദഗ്ധരുടെ റിപ്പോർട്ട്. സിഐഎയുടെ റെഡ് സെൽ വിഭാഗം ആ​ഗസ്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


ജൂത വിഭാഗത്തിലെ പുരുഷന്മാർക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകിയത് സംബന്ധിച്ച തർക്കമാണ് ഇസ്രയേലിലെ ആഭ്യന്തര ഭിന്നതകൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദീർഘകാലമായി സൈനിക സേവനം ചെയ്യുന്ന റിസർവ് സൈനികർക്ക് ഈ ഇളവ് ലഭിക്കുന്ന വിഭാഗത്തിനെതിരെ അസംതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.


കൂടാതെ ഗാസ, ലെബനൻ, ഇറാൻ എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിവരുന്ന ദീർഘകാല യുദ്ധം സൈനികർക്കിടയിലും ജനങ്ങൾക്കിടയിലും വലിയ അഭിപ്രായഭിന്നത സൃഷ്ടിച്ചു. ദീർഘകാല സൈനിക സേവനത്തിന് ശേഷം മടങ്ങിയെത്തുന്നവർ കടുത്ത മാനസിക ആഘാതം അനുഭവിക്കുന്നവരുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.


സൈനിക ചെലവ് ഉയരുന്നതും, സാമ്പത്തിക സമ്മർദവും, ജീവിതച്ചെലവിലെ വർധനയും ആഭ്യന്തര ഭിന്നത ശക്തമാക്കുന്ന ഘടകങ്ങളായി വിലയിരുത്തലിൽ പറയുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാരുടെ അക്രമവും ആഭ്യന്തര സംഘർഷത്തിനുള്ള മറ്റൊരു സാധ്യതയായി ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തിൽ തുടരാനുള്ള രാഷ്ട്രീയ അതിമോഹം ഭരണഘടനാപരമായ സംഘർഷത്തിന് ഇടയാക്കിയേക്കാമെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന നെസറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അന്തരീക്ഷവും വിലയിരുത്തിയിട്ടുണ്ട്.


ഇസ്രയേലിൽ നിലവിലുള്ള രാഷ്ട്രീയ-സാമൂഹിക ഭിന്നത കൂടുതൽ രൂക്ഷമായാൽ വലിയ ആഭ്യന്തര സംഘർഷത്തിലേക്ക് മാറിയേക്കുമെന്ന സാധ്യതയും സിഐഎ മുന്നോട്ട് വെക്കുന്നു. രാജ്യത്തെ സാങ്കേതിക കമ്പനികളുടെ നിക്ഷേപം കുറയാനും, വിദേശ നിക്ഷേപകർ പിന്മാറാനും പ്രാദേശിക രാജ്യങ്ങളുടെ നയപരമായ സമീപനത്തിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്നും ഇതുവഴി പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നും റിപ്പോർട്ടിലുള്ളതായാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home