Deshabhimani

വധശിക്ഷയ്ക്ക് വിധേയയാക്കിയ വനിതാ തടവുകാരി മരിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി അധികൃതർ

Christa Pike
വെബ് ഡെസ്ക്

Published on Oct 01, 2026, 07:46 PM | 1 min read

വാഷിങ്ടൺ: അമേരിക്കയിലെ ടെന്നസിയിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധേയയാക്കിയ വനിതാ തടവുകാരി മരിച്ചില്ല. വിഷമരുന്നിന്റെ രണ്ട് ഡോസുകൾ നൽകിയിട്ടും ഹൃദയമിടിപ്പ് നിലക്കാതിരുന്നതിനെ തുടർന്ന് ക്രിസ്റ്റ പൈക്ക് (50) എന്ന തടവുകാരിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.


വധശിക്ഷാ മുറിയിൽ വെച്ച് പൈക്കിന് 'പെന്റോബാർബിറ്റൽ' എന്ന മരുന്നിന്റെ രണ്ട് സിറിഞ്ചുകൾ കുത്തിവെച്ചു. എന്നാൽ, സമയം കഴിയുന്തോറും ഇവരുടെ ശ്വാസോച്ഛ്വാസം തുടരുകയും ഉറക്കത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്തതായി സാക്ഷികളും അഭിഭാഷകരും വെളിപ്പെടുത്തി. കൈയിൽ കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്ന് പൈക്ക് കരഞ്ഞുപറഞ്ഞതായും സാക്ഷികൾ സാക്ഷ്യപ്പെടുത്തി.


മരുന്ന് നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും മരണം സംഭവിക്കാതിരുന്നതോടെ, വധശിക്ഷ നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരാവുകയും തുടർന്ന് ആംബുലൻസിൽ പൈക്കിനെ ജയിലിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


വധശിക്ഷയ്ക്കുവേണ്ടി ഉപയോഗിച്ച പെന്റോബാർബിറ്റൽ മരുന്നിന്റെ വീര്യം കുറഞ്ഞുപോയതാകാം സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൈക്കിന്റെ അഭിഭാഷകർ ആരോപിക്കുന്നു. രക്തത്തിൽ വേണ്ടത്ര അളവിൽ മരുന്ന് എത്താതിരുന്നതാകാം ഹൃദയസ്തംഭനം ഉണ്ടാകാതിരിക്കാൻ കാരണമെന്ന് എമോറി സർവകലാശാലയിലെ വിദഗ്ദ്ധനായ ഡോ. ജോയൽ സിവോട്ട് വ്യക്തമാക്കി.


1996-ൽ കോളീൻ സ്ലെമ്മർ (19) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിനാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചിരുന്നത്. യുഎസ് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് വധശിക്ഷാ നടപടികൾ ആരംഭിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ, ഇതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ടെന്നസി ഗവർണർ ബിൽ ലീ ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് ഈ വർഷം നടക്കേണ്ട മറ്റ് വധശിക്ഷകളും ഗവർണർ നിർത്തിവെച്ചിട്ടുണ്ട്.


തടവുകാരിക്ക് വിഷം ഉള്ളിൽ ചെന്ന ശേഷം അടിയന്തര ചികിത്സ നൽകാൻ വൈകിയത് കാരണം തലച്ചോറിന് തകരാർ സംഭവിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പൈക്കിന് ഇനി വീണ്ടും വധശിക്ഷ നടപ്പാക്കുമോ അതോ ജീവനോടെ തുടരാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home