ചൈനയിൽ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ച് അപകടം; 25 മരണം

ബെയ്ജിങ്: ചൈനയിൽ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 25 മരണം. കിഴക്കൻ ചൈനയിലെ ക്വിങ്ദാവോ നഗരത്തിലെ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട ലൈബീരിയയുടെ പതാക വഹിച്ച കപ്പലിനാണ് തീ പിടിച്ചത്.
കപ്പലിലുണ്ടായിരുന്ന 42 പേരിൽ 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. ഏകദേശം 20 വർഷം പഴക്കമുള്ള ഡ്രൈ ബൾക്ക് കാരിയറാണിത്.
ഓഗസ്റ്റ് 31ന് ക്വിങ്ദാവോ കപ്പൽശാലയിൽ എത്തിയ കപ്പൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി അവിടെത്തന്നെ തുടരുകയാണ്. സ്ഫോടനശബ്ദമോ ദുർഗന്ധമോ ഇല്ലാതെ കപ്പലിൽ നിന്ന് കറുത്ത പുക ഉയരുകയായിരുന്നു.
എന്താണ് അപകടകാരണം എന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കപ്പലിൽ അവശേഷിക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് ചൈന അറിയിച്ചു.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സ്‌റ്റേറ്റ് ഷിപ്ബിൽഡിങ് കോർപറേഷന്റെ (CSSC) ഉടമസ്ഥതയിലാണ് കപ്പൽശാല. രക്ഷാപ്രവർത്തനത്തിനായി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.









0 comments