print edition ബ്രസീൽ വിളിക്കുന്നു "ബോറ ലുല'

സാവോ പോളോയിൽ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഗവർണർ സ്ഥാനാർഥി ഫെർണാണ്ടോ ഹദ്ദാദും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
സാവോ പോളോ: ബ്രസീലിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്‌ച ബാക്കിനിൽക്കെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവക്കായി രാജ്യവ്യാപക പ്രചാരണവുമായി പ്രവർത്തകർ. രാജ്യത്തുടനീളം നൂറുകണക്കിന് റാലികളിലായി ലക്ഷങ്ങൾ ലുലയ്ക്കായി തെരുവിലിറങ്ങി.
വർക്കേഴ്സ് പാർടി, സഖ്യകക്ഷികൾ, ജനകീയ സമിതികൾ, സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് "ലൂല വരൂ' എന്ന പേരിൽ പ്രചാരണം സംഘടിപ്പിക്കുന്നത്. 27 സംസ്ഥാന തലസ്ഥാനങ്ങളിലും അറുനൂറിലധികം നഗരങ്ങളിലും റാലികൾ സംഘടിപ്പിച്ചു.
ഇതിനുപുറമെ യുവാക്കൾ, വനിതകൾ, കറുത്തവംശജരുടെ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പരിപാടികളും നടന്നു. ഡി ജനീറോയിൽ കോപകബാന ബീച്ചിൽ നടന്ന കാർണലൂല 2026 പരിപാടിയിൽ വൻജനമുന്നേറ്റമുണ്ടായി. സാവോ പോളോയിലെ പൗളിസ്റ്റ അവന്യൂവിൽ കാർണിവൽ പ്രകടനങ്ങളും സർക്കസും സൈക്കിൾ മാർച്ചും നടന്നു.
അടുത്ത ഞായറാഴ്‌ച നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ തീവ്രവലതുപക്ഷ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയുടെ മകനും ലിബറൽ പാർടി സ്ഥാനാർഥിയുമായ ഫ്ലാവിയോ ബോൾസനാരോയാണ് പ്രധാന എതിരാളി. അമേരിക്ക ബോൾസനാരോ പക്ഷത്തെ സഹായിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളിൽ കണ്ണുവച്ച് ഇടപെടൽ നടത്തുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലും പ്രചാരണ റാലികളിലും ലുല വിമർശിച്ചു. ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും കൃത്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഒക്ടോബർ 25-ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും.









0 comments