ബിംസ്റ്റെക് യോഗത്തിൽ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി പങ്കെടുക്കില്ല; പ്രതിനിധി സംഘത്തെ അയക്കും

ഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ ആദ്യ യോഗത്തിൽ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് പങ്കെടുക്കില്ല. ആഭ്യന്തര കാര്യ സീനിയർ സെക്രട്ടറി മൻസൂർ മോർഷെഡ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘമായിരിക്കും ബംഗ്ലാദേശിനെ പ്രതിനിധീകരിക്കുന്നത്. രണ്ട് ദിവസം നീളുന്ന യോഗം തിങ്കളാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രിമാരുടെ യോഗം നടക്കും.
ഷെയ്ഖ് ഹസീനയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്താണ് ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗം നടക്കുന്നത്. കഴിഞ്ഞ മാസം, ബിംസ്റ്റെക് ചെയർമാനെന്ന നിലയിൽ ഇന്ത്യൻ സർക്കാരിന്റെ ക്ഷണം വകവയ്ക്കാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ പിന്മാറ്റം.
ധാക്ക ട്രിബ്യൂൺ പറയുന്നതനുസരിച്ച്, സാർക്ക്, ബിംസ്റ്റെക്, മറ്റ് മുൻഗണനാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി എകെഎം ഷാഹിദുൽ കരീം, ജോയിന്റ് സെക്രട്ടറി റെബേക്ക ഖാൻ എന്നിവരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടും. 2025 ഏപ്രിലിലാണ് ബംഗ്ലാദേശ് ബിംസ്റ്റെക് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
ബംഗ്ലാദേശിനും ഇന്ത്യയ്ക്കും പുറമെ ഭൂട്ടാൻ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നതാണ് ബിംസ്റ്റെക്. ബംഗാൾ ഉൾക്കടലിന്റെ അതിർത്തിയിലുള്ള രാജ്യങ്ങളും അയൽപക്ക രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. ദക്ഷിണ, തെക്കു-കിഴക്കൻ ഏഷ്യ, ബംഗാൾ ഉൾക്കടൽ മേഖല എന്നിവിടങ്ങളിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയാണ് ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം, നിയമ നടപടിക്രമങ്ങളനുസരിച്ച് കൈമാറാനുള്ള അഭ്യർഥന പരിശോധിച്ചുവരികയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.









0 comments