Deshabhimani

80-ാം പിറന്നാളിൽ സ്വന്തം ‘ഫ്യൂണറൽ’ നടത്തി അമേരിക്കൻ വയോധിക; കാരണം കൗതുകകരം

80 year old lady

ഷെൽവി നീൽ

വെബ് ഡെസ്ക്

Published on Oct 07, 2026, 04:56 PM | 1 min read

ജോർജിയ: 80-ാം പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് അമേരിക്കൻ വയോധിക ഷെൽവി നീൽ. താൻ മരിച്ചശേഷം മറ്റുള്ളവർ പറയുന്ന വാക്കുകൾ നേരിട്ട് കേൾക്കാൻ കഴിയില്ലെന്ന ചിന്തയിൽ, സ്വന്തം സംസ്കാര ചടങ്ങ് ജീവിച്ചിരിക്കെ സംഘടിപ്പിക്കുകയായിരുന്നു.


ജോർജിയയിലെ മാക്കോണിലുള്ള വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ‘ഫോമോ ഫ്യൂണറൽ ’ എന്നായിരുന്നു പരിപാടിക്ക് നൽകിയ പേര്. ‘Fear Of Missing Out’ എന്നതിന്റെ ചുരുക്കപ്പേരാണ് ഫോമോ .


സ്വന്തം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന ആശയമാണ് ഇത്തരമൊരു പരിപാടി നടത്താൻ നീലിനെ പ്രേരിപ്പിച്ചത്. കുടുംബം ആശയത്തെ പിന്തുണച്ചതോടെ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായിരുന്നു.


ചടങ്ങിൽ ശവപ്പെട്ടിക്കുള്ളിൽ നീലിന്റെ കട്ടൗട്ട് സ്ഥാപിച്ചു. ‘സ്വന്തം ഫ്യൂണറൽ പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ല’ എന്ന ആശയത്തിലുള്ള സന്ദേശങ്ങളോടെയായിരുന്നു കേക്ക് ഒരുക്കിയത്. സുഹൃത്തുക്കളും ബന്ധുക്കളും നീലിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവച്ചു.


“ഞാൻ അവിടെ ഉണ്ടാകില്ലല്ലോ എന്നതാണ് അവരെ വിഷമിപ്പിച്ചത്. അതുകൊണ്ടാണ് ഇത്തരമൊരു പരിപാടി നടത്താൻ തീരുമാനിച്ചത്,” നീലിന്റെ മകൾ ടാമി ക്രച്ച്ഫീൽഡ് പറഞ്ഞു.


ചടങ്ങ് പിന്നീട് ചിരിയും സംഗീതവും പ്രിയപ്പെട്ട ഓർമകളും നിറഞ്ഞ ആഘോഷമായി മാറി. അടുത്തവരൊക്കെ നീലിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങളും നന്ദിയും പങ്കുവച്ചു.


“ആർക്കെങ്കിലും വേണമെങ്കിൽ മോശം കാര്യങ്ങളും പറയാം. പക്ഷേ ഞാൻ ഇവിടെ ഉണ്ടാകും; ആവശ്യമെങ്കിൽ മൈക്ക് ഓഫ് ചെയ്യും,” നീൽ നേരത്തെ പറഞ്ഞിരുന്നു.


“എന്റെ സ്വന്തം ഫ്യൂണറൽ ഞാൻ തന്നെ നിയന്ത്രിക്കും. ഇത്തരമൊരു ചടങ്ങ് കുടുംബത്തിനും എളുപ്പമായിരിക്കും. പിന്നെ, ഫ്യൂണറൽ എന്ന വാക്കിൽ തന്നെ ‘ഫൺ’ ഉണ്ടല്ലോ. എനിക്ക് ഫൺ ഇഷ്ടമാണ്,” എന്നായിരുന്നു നീലിന്റെ വാക്കുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home