ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; 8 മരണം

ന്യൂയോര്‍ക്ക് > അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് അര്‍ജന്റീനക്കാരും ഒരു ബല്‍ജിയം സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 11 പേര്‍ക്കു പരിക്കേറ്റു. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം ലോവര്‍ മാന്‍ഹട്ടനിലെ സൈക്കിള്‍ പാതയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ചുവീഴ്ത്തി. ഭീകരാക്രമണമാണ് നടന്നതെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. ഐഎസ് ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ട്രക്കില്‍നിന്നും ഐഎസിനെ കുറിച്ചുള്ള ഒരു പുസ്തകവും പതാകയും ലഭിച്ചു. വിശദമായ അന്വേഷണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഐഎസിനെ വച്ചുപൊറുപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഉസ്ബെക് സ്വദേശിയായ കുടിയേറ്റക്കാരനായ 29കാരനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വെടിവയ്പില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റു. ആക്രമണശേഷം ഓടിയ ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നു. വയറിനാണ് വെടിയേറ്റ അക്രമിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളില്‍നിന്ന് പെല്ലറ്റ് തോക്കും പെയിന്റ്ബോള്‍ ഗണ്ണും പിടിച്ചെടുത്തു.
വാടകയ്ക്കെടുത്ത വെള്ള നിറത്തിലുള്ള ട്രക്കാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഈ ട്രക്ക് സ്കൂള്‍ ബസിലും ഇടിച്ചു. രണ്ട് കുട്ടികളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു.
അര്‍ജന്റീനയിലെ റൊസോരിയോയില്‍നിന്നുള്ള സുഹൃത്തുക്കളാണ് കൊല്ലപ്പെട്ടത്. ബിരുദം നേടിയതിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ പത്തംഗ സംഘത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പേരുവിവരം അര്‍ജന്റീന വിദേശ മന്ത്രാലയം പുറത്തുവിട്ടു. സംഭവത്തെ തുടര്‍ന്ന് റൊസോരിയോയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് അര്‍ജന്റീന പ്രസിഡന്റ് മൌറീഷ്യ മക്രി ഉത്തരവിട്ടു. ബല്‍ജിയം പൌരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ബല്‍ജിയം വിദേശമന്ത്രി പറഞ്ഞു. പരിക്കേറ്റ മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments