ad
Deshabhimani

പ്രദേശത്തെ ഏറ്റവും തീവ്രത കൂടിയ ചലനം

ക്യൂബയിൽ ശക്തമായ ഭൂചലനം; ഫ്ലോറിഡ വരെ പ്രകമ്പനം

09
വെബ് ഡെസ്ക്

Published on Jun 09, 2026, 02:40 PM | 1 min read

ഹവാന: പടിഞ്ഞാറൻ ക്യൂബൻ തീരത്ത് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതിന്റെ പ്രകമ്പനം അതിർത്തികൾ കടന്ന് അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് വരെ അനുഭവപ്പെട്ടതായി റിപ്പോര്‍ടുകൾ പറയുന്നു. എവിടെയും ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


യൂഎസ് ജിയോളജിക്കൽ സർവേയുടെ നിഗമന പ്രകാരം ഹവാനയ്ക്ക് പടിഞ്ഞാറുള്ള സമുദ്രഭാഗത്ത്, ഉപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് അനുഭവപ്പെടുന്ന ഏറ്റവും തീവ്രമായ ചലനമാണിത്. പടിഞ്ഞാറൻ ക്യൂബയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ശക്തമായ കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. ഹവാനയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ഇപ്പോഴും ഭീതിയിലാണ്.


രണ്ട് മാസത്തിനിടെ ആവര്‍ത്തിക്കുന്ന ഭൂചലനമാണ്. മാര്‍ച്ചിൽ റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ക്യൂബയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോ ഡി ക്യൂബ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രകമ്പനം ഉണ്ടായി.


ഫ്ലോറിഡയിലും മുൻകരുതൽ


ക്യൂബയിലുണ്ടായ ഭൂചലനം നൂറുകണക്കിന് മൈലുകൾക്കപ്പുറമുള്ള ഫ്ലോറിഡയിലാണ് വലിയ ഭീതി പരത്തിയത്. മിയാമി, ഫോർട്ട് ലോഡർഡെയ്ൽ, ഒർലാൻഡോയുടെ വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ കെട്ടിടങ്ങൾക്ക് നേരിയ കുലുക്കം അനുഭവപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി മിയാമിയിലെ 28 നിലകളുള്ള പ്രധാന ഗവൺമെന്റ് ഓഫീസ് കെട്ടിടം ഉൾപ്പെടെയുള്ള ചില ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നഗരത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് എലിവേറ്റഡ് കമ്മ്യൂട്ടർ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.


അപൂർവ്വങ്ങളിൽ അപൂർവ്വം


ഗൾഫ് ഓഫ് മെക്സിക്കോ മേഖലയിൽ രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂചലനങ്ങളിൽ ഒന്നാണിതെന്ന് ഭൗമശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. 1950-കൾക്ക് ശേഷം ഈ മേഖലയിൽ അഞ്ചോ ആറോ തവണ മാത്രമാണ് അഞ്ചിൽ കൂടുതൽ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടായിട്ടുള്ളത്.കടലിനടിയിലാണ് ഭൂചലനം ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പസഫിക് സമുദ്രത്തെ അപേക്ഷിച്ച് അറ്റ്ലാന്റിക് മേഖലയിൽ സുനാമി സാധ്യത കുറവാണെന്ന നിഗമനമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home