Deshabhimani

ഫ്രാൻസിൽ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാവുന്നു: 400 വിദ്യാലയങ്ങൾ അടച്ചു, 2000 വിദ്യാര്‍ഥികൾ അറസ്റ്റിൽ

French schools closed
വെബ് ഡെസ്ക്

Published on Oct 02, 2026, 01:10 PM | 1 min read

പാരീസ്: അധ്യാപക ക്ഷാമത്തിൽ പ്രതിഷേധിച്ചും സ്കൂൾ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഫ്രാൻസിൽ വിദ്യാര്‍ഥികൾ തുടക്കമിട്ട പ്രക്ഷോഭം പടരുന്നു. വെള്ളിയാഴ്ച നാനൂറിൽ അധികം വിദ്യാലയങ്ങൾ അടച്ചിട്ടു. ഇതുവരെ 2000 ത്തോളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു മാറ്റി. തൊട്ടടുത്ത ബെൽജിയത്തിലും വിദ്യാര്‍ഥികൾ സമര രംഗത്തിറങ്ങി.


കഴിഞ്ഞ ദിവസമാണ് പ്രതിഷേധം പുതിയ രൂപത്തിലേക്ക് മാറിയത്. മാര്‍സെയെ നഗരത്തിലെ വിദ്യാലയത്തിൽ പെട്രോൾ ഒഴിച്ച സംഭവവും രണ്ട് സ്കൂളുകൾക്ക് തീയിട്ട സംഭവവും ഉണ്ടായി. അടിയന്തര പൊലീസ് സംഘവും വിദ്യാര്‍ഥികളും പലയിടത്തും ഏറ്റുമുട്ടി. പ്രക്ഷോഭത്തിന് പിന്നിൽ തീവ്ര ഇടതു പാര്‍ടികളാണെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഓഫീസ് ആരോപിച്ചു. വിദ്യാര്‍ഥി നേതാക്കൾ ഇത് നിഷേധിച്ചു. വിദ്യാലയങ്ങളാണ് പ്രഥമ പരിഗണന നൽകേണ്ട കേന്ദ്രങ്ങളെന്ന് ഓര്‍മപ്പെടുത്തി.


ഫ്രാൻസിലെ പ്രതിഷേധം തൊട്ടടുത്ത ബെൽജിയത്തിലേക്കും പടര്‍ന്നിരിക്കയാണ്. ലിയേജ് നഗരത്തിൽ സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാര്‍ഥികൾ സമരം തുടങ്ങി. ഇവിടെ വെള്ളിയാഴ്ച മുഴുവൻ വിദ്യാലങ്ങളും അടച്ചിട്ടു. ബെൽജിയത്തിൽ വാളോണിയ മേഖലയിലും ബ്രസ്സൽസിലുമായി വലിയ ജനവിഭാഗം ഫ്രഞ്ച് സംസാരിക്കുന്നവരാണ്. വിദ്യാഭ്യാസ രംഗത്ത് ബജറ്റ് വെട്ടിക്കുറക്കൽ ഇവിടെയും നടപ്പാക്കിയിരുന്നു. ഇരു രാജ്യങ്ങളിലു സര്‍വകലാശാല വിദ്യാര്‍ഥികൾ കൂടി സ്കൂൾ വിദ്യാര്‍ഥികൾക്കൊപ്പം ചേര്‍ന്ന് സമര രംഗത്ത് ഇറങ്ങിയിരിക്കയാണ്.



പശ്ചാത്തലം എന്താണ്


ഫ്രാൻസിൽ സര്‍ക്കാര്‍ 54 ബില്യൺ യൂറോയുടെ ചെലവുചുരുക്കൽ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അധ്യാപകരെയും അഗ്നി രക്ഷാ സേനാ ജീവനക്കാരെയും വെട്ടിക്കുറക്കാൻ പദ്ധതിയിട്ടു. ഇതോടെ വിദ്യാഭ്യാസ രംഗത്ത് വലിയ അമര്‍ഷവും പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നു. ഇപ്പോൾ തന്നെ ഒരു ക്ലാസിൽ 32 മുതൽ 35 വരെ കുട്ടികളുണ്ട്. പ്രത്യേക അധ്യാപകരുടെ കുറവും നിലനിൽക്കുന്നു. ഇവ ഇനിയും വര്‍ധിപ്പിച്ച് തങ്ങളുടെ ഭാവി തകര്‍ക്കരുതെന്ന് വിദ്യാര്‍ഥികൾ ആവശ്യപ്പെടുന്നു.


വിശാലമായി കഫറ്റീരിയകൾ ഇല്ല. ചൂടുകാലത്ത് എ സിയും തണുപ്പ് കാലത്ത് ഹീറ്ററുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ ഉണ്ടാവുന്നില്ല,ശൗചാലയങ്ങളിൽ മതിയാ സൗര്യമില്ല എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ പരാതി. ഇവ പാടെ അവഗണിച്ചതോടെ അമര്‍ഷം പുകഞ്ഞു. രാജ്യം മുഴുവൻ വിദ്യാലയങ്ങളിൽ പ്രതിഷേധം പടര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home