ad
Deshabhimani

അവധി ആഘോഷിക്കാം; തായ്ലൻഡിൽ ഇത് ഉത്സവകാലം ‌

songran
avatar
Anie Anna Thomas

Published on Apr 07, 2024, 06:18 PM | 4 min read

 തായ്ലൻഡ് സന്ദർശിക്കാൻ വിനോദ സഞ്ചാരികൾ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന മാസമാണ് ഏപ്രിൽ. വർഷത്തിലെ ചൂടേറിയ മാസമാണെങ്കിലും ഈ സമയം തായ്ലൻഡിലെത്തുന്നവർക്കെല്ലാം മനസിനും ശരീരത്തിനും ആകെ കുളിർമയാണ്. തായ് പുതുവർഷത്തെ സ്വാ​ഗതം ചെയ്യുന്ന സോങ്ക്രാൻ ഉത്സവം നടക്കുന്നത് ഏപ്രിലിലാണ്.  വാട്ടർ ഫൈറ്റ് ആണ് ഉത്സവത്തിന്റെ പ്രധാന ആഘോഷം.  റോഡിലിറങ്ങിയാൽ കുളിച്ചു കയറാം, അതാണ് സ്ഥിതി. വർണാഭമായ വസ്ത്രങ്ങളണിഞ്ഞ് ആബാലവൃദ്ധം ജനങ്ങൾ  പരസ്പരം വെള്ളം ഒഴിച്ചു തെരുവുകളിൽ ആഘോഷിക്കുന്നു. വാട്ടർ ​ഗണ്ണുകളും വെള്ളം നിറച്ച ബക്കറ്റുകളുമായി പാട്ടും നൃത്തവും ചിരിയും കളിയുമൊക്കെയായി  രാവിലെ മുതൽ സന്ധ്യ വരെ തായ്ലൻഡിലെ തെരുവുകളെല്ലാം ഓൺ ആണ്.

പരമ്പരാഗത തായ് പുതുവത്സരത്തിന്റെ ആരംഭം കുറിക്കുന്ന സോങ്ക്രാൻ സാധാരണയായി ഏപ്രിൽ 13 മുതൽ 15 വരെയാണ് ആഘോഷിക്കുന്നത്.  എന്നാൽ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചും മറ്റും ചില നഗരങ്ങൾ കുറച്ച് അധിക ദിവസങ്ങൾ കൂടി ഉത്സവം ആഘോഷിക്കുന്നു. പോയ വർഷത്തെ മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞ് പുതിയ വർഷത്തെ സ്വാഗതം ചെയ്യുന്നതിൻ്റെ പ്രതീകമാണ് ഈ വെള്ളംകളി. ഇതുകൂടാതെ വെളുത്ത നിറത്തിലുള്ള പൊടി പരസ്പരം മുഖത്ത് പുരട്ടുന്നതും ആഘേഷത്തിന്റെ ഭാ​ഗമാണ്. വേനൽ ചൂടിൽ ജോലിയിൽ നിന്നൊക്കെ ഒരു ഇടവേള എടുത്ത് അവധി ആഘോഷിക്കാനുള്ള സമയമായാണിതിനെ സ്വദേശികൾ കാണുന്നത്. ഈ സീസണിൽ നൂറുകണിക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതും ഇവിടുത്തുകാരുടെ ശീലമാണ്.
എന്താണ് സോങ്ക്രാൻ?
sonkran

പുരാതന സംസ്കൃതത്തിൽ രാശിചക്രത്തിനുള്ളിലെ പ്രതിമാസ ചലനത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്  "സോങ്ക്രാൻ" എന്ന വാക്ക് എന്ന് പറയപ്പെടുന്നു. രാശിചക്രത്തിന്റെ ആദ്യ ചിഹ്നമായ ഏരീസിലേക്ക് സൂര്യന്റെ കടന്നുവരവിനെ സൂചിപ്പിച്ചാണ് ഏപ്രിലിൽ തായ് പുതുവർഷം ആഘോഷിക്കുന്നത്. 2023 ൽ യുനെസ്കോ ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി ലിസ്റ്റിൽ സോങ്ക്രാൻ ‍ഉത്സവം ഉൾപ്പെടുത്തി. വാട്ടർ ഫൈറ്റിന് പുറമേ തെരുവുകളിൽ പരമ്പരാ​ഗത നാടകങ്ങളും സം​ഗീത പരിപാടികളും നടത്തുക, ഗെയിമുകൾ, വിരുന്ന് സൽക്കാരങ്ങൾ എന്നിവ സംഘടിപ്പിക്കുക ഇങ്ങനെ നീളുന്നു ആഘോഷ പരിപാടികൾ. പ്രധാന തെരുവുകളടക്കം അടച്ചിട്ടുള്ള വാട്ടർ ഫൈറ്റ് സമീപ ദശകങ്ങളിലാണ് തായ്ലൻഡിനു പുറത്തേക്ക് ശ്രദ്ധേയമായതെങ്കിലും നൂറുവർഷത്തോളമായി ഇത് ഉത്സവത്തിന്റെ ഭാ​ഗം തന്നെയാണെന്ന് പഴമക്കാർ പറയുന്നു. മുൻപൊക്കെ ഈ ആഘോഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ മാത്രമായിരുന്നുവെങ്കിൽ ഇന്ന് തെരുവിലിറങ്ങുന്ന ആർക്കുമേലേക്കും വെള്ളം വന്നുവീഴാം എന്നു മാത്രം. 
തായ് സംസ്കാരത്തിന്റെ വിളിച്ചോതൽ

ഒരു ഉത്സവം എന്നതിനുപരി തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരം കൂടിയായാണ് ഇന്ന് തായ്ലൻഡ് സോങ്ക്രാനെ കാണുന്നത്. ന​ഗര, ​​ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം സോങ്ക്രാൻ ആഘോഷങ്ങൾ നടക്കും. തീം പാർക്കുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയെല്ലാം അവരുടേതായ സോങ്ക്രാൻ പാർട്ടികൾ സംഘടിപ്പിക്കും. തായ്ലൻഡിന്റെ ടൂറിസം അതോറിറ്റി രാജ്യത്തുടനീളം നടക്കുന്ന ആഘോഷങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ തായ് സംസ്കാരത്തെ തൊട്ടറിയാൻ ആ​ഗ്രഹിച്ചെത്തുന്ന വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം ബാങ്കോക്ക് ആണ്. ബാങ്കോക്കിലെ ഈ വർഷത്തെ മഹാ സോങ്ക്രാൻ വേൾഡ് വാട്ടർ ഫെസ്റ്റിവൽ ഏപ്രിൽ 11 മുതൽ 15 വരെ നഗരത്തിന്റെ ചരിത്രപ്രധാന കേന്ദ്രങ്ങളിൽ നടക്കുകയാണ്. 

sonkran

സോങ്ക്രാൻ പരേഡാണ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഫാൻ ഫാ ലിലാത് പാലത്തിൽ നിന്ന് ആരംഭിച്ച് സനം ലുവാങ്ങിൽ സമാപിക്കുന്ന കൂറ്റൻ പരേഡിൽ ആയിരത്തിലധികം കലാകാരന്മാരാണ് പങ്കെടുക്കുക. ഗ്രാൻഡ് പാലസിന് മുന്നിലുള്ള മൈതാനമായ സനം ലുവാങ്ങിൽ, തായ്ലൻഡിന്റെ പരമ്പരാ​ഗത കലാരൂപമായ ഖോൺ  ഉൾപ്പെടെ നിരവധി സാംസ്കാരിക, സംഗീത പ്രകടനങ്ങൾ ഈ ദിവസങ്ങളിലുടനീളം നടക്കും. ജലമേളക്കായി മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടനുകൾ, വാട്ടർ ടണൽ, വലിയ നീന്തൽ കുളങ്ങൾ എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു. 
പാരമ്പര്യം കൈവിടാതെ പുതുമയെ പുണർന്ന്...

സോങ്ക്രാനോട് അനുബന്ധിച്ച് വിവിധ ഭാ​ഗങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളും ചടങ്ങുകളുമുണ്ടെങ്കിലും രാജ്യവ്യാപകമായി നടത്തുന്ന രണ്ട് പ്രധാന ആചാരങ്ങളുണ്ട്. പുതുവർഷത്തിന്റെ ആദ്യ ദിവസം, അതായത് ഏപ്രിൽ 13 ന്, ബുദ്ധ പ്രതിമകളിൽ വെള്ളം തളിക്കുന്നതിനായി ആളുകൾ, പ്രത്യേകിച്ച് പ്രായമായവർ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ആചാരമാണ് ആദ്യത്തേത്. സോംഗ് നാം ഫ്രാ എന്നാണ് ഈ ആചാരം  അറിയപ്പെടുന്നത്. 
sonkran

റോട്ട് നാം ഡാം ഹുവ എന്നറിയപ്പെടുന്ന രണ്ടാമത്തെ ആചാരം നടക്കുന്നത് ഏപ്രിൽ 14 നാണ്.  കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ കൈകളിൽ മറ്റ് കുടുംബാം​ഗങ്ങൾ സുഗന്ധദ്രവ്യവും പൂക്കളും ചേർത്ത വെള്ളം ഒഴിക്കും. പോയവർഷം ചെയ്ത തെറ്റുകൾക്കുള്ള മാപ്പപേക്ഷിക്കലും അനു​ഗ്രഹം യാചിക്കലുമാണിത്. തുടർന്ന് പ്രായമായവർ അവരുടെ തലമുറയെ അനുഗ്രഹിക്കും. സോംഗ് നാം ഫ്രാ നടത്തുന്നതിനായി ഇന്ന് ഷോപ്പിംഗ് മാളുകളിൽ പോലും ബുദ്ധ പ്രതിമകളും സുഗന്ധമുള്ള ജലം നിറച്ച കുളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വേനൽ ചൂടിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കി എയർ കണ്ടീഷൻ ചെയ്ത മാളുകളിലെത്തി ചടങ്ങ് നടത്തി പോകാം.

ഭക്ഷണമില്ലാതെ എന്ത് ആഘോഷം

mango sticky rice
നിരവധി പ്രാദേശിക പാചകരീതികളും വൈവിധ്യമാർന്ന വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് തായ്ലൻഡ്. അതായത് ഓരോ പ്രവിശ്യയ്ക്കും അതിന്റേതായ പാചക പാരമ്പര്യങ്ങൾ ഉണ്ടായിരിക്കും. സോങ്ക്രാനോട് അനുബന്ധിച്ച് വീടുകളിലും ഭക്ഷണശാലകളിലും പാരമ്പര്യ തായ് രുചികൾ നിറയും. വേനൽക്കാലത്ത് പ്രശസ്തമായ ചില വിഭവങ്ങളുണ്ട്. ഇതിൽ "ഖാവോ ചായ്" (അരി കുതിർത്ത് ഉണ്ടാക്കുന്നത് എന്നർഥം) തായ്ലൻഡുകാരുടെ ഇഷ്ട വിഭവമാണ്. സാധാരണയായി മാർച്ച് അവസാനം മുതൽ മെയ് വരെ വിളമ്പുന്ന ഉന്മേഷദായകമായ ഈ ഭക്ഷണം, തായ്ലൻഡിലെ ഹോട്ടലുകളുടെ സീസണൽ മെനുവിലെ പ്രധാനവിഭവങ്ങളിലൊന്നാണ്. 

വലിയ ഹോട്ടലുകൾ ഈ പരമ്പരാ​ഗത വിഭവത്തിൽ പല പുതുമകളും കലർത്തി ഭക്ഷണപ്രിയർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് മൻഡാരിൻ ഓറിയന്റൽ ബാങ്കോക്ക് എന്ന സ്റ്റാർ ഹോട്ടൽ ക്ലാസിക് ഖാവോ ചായ് വുളമ്പുന്നത് മുല്ലപ്പൂ ചേർത്ത വെള്ളം, ചെറിയ ഉള്ളി വറുത്തത്, മത്സ്യം, സ്റ്റഫ്ഡ് ബെൽപെപ്പർ, പന്നിയിറച്ചി, ഫ്രഷ് പച്ചക്കറികൾ എന്നിങ്ങനെയുള്ള സൈഡ് വിഭവങ്ങളോടൊപ്പമാണ്. സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകടകളിൽ വരെ കാണപ്പെടുന്ന മാം​ഗോ സ്റ്റിക്കി റൈസ് വിനോദസഞ്ചാരികളുടെയും സ്വദേശികളുടെയും പ്രിയങ്കരമായ വിഭവമാണ്. വർഷം മുഴുവനും ലഭ്യമാണെങ്കിലും, മാമ്പഴ സീസണായ വേനൽക്കാല മാസങ്ങളിൽ ഇത് കൂടുതൽ ജനപ്രിയമാണ്. ലഘുഭക്ഷണമായോ മധുരപലഹാരമായോ കഴിക്കുന്ന ഈ പ്രത്യേക വിഭവം മധുരം ചേർത്ത് വേവിച്ച അരിയിൽ കോക്കനട്ട്  ക്രീം സോസ് ഒഴിച്ച് പഴുത്ത മാമ്പഴത്തിനൊപ്പമാണ് വിളമ്പുന്നത്. 

സുരക്ഷ മുഖ്യം 

sonkran

രാജ്യത്തുടനീളമുള്ള തെരുവുകളിലും പാർക്കുകളിലുമെല്ലാം വാട്ടർ ഫൈറ്റ് ആഘോഷങ്ങൾ നടക്കുന്നതിനാൽ, സന്ദർശകർക്കും ഇതിന്റെ ഭാ​ഗമാകാം. സോങ്ക്രാൻ സമയത്ത് വെള്ളം ചീറ്റിക്കുന്ന വാട്ടർ ​ഗണ്ണുകൾ എല്ലായിടത്തും വിൽപ്പനയ്ക്കായി വച്ചിട്ടുണ്ടാകും. എന്നാൽ ഈ സമയത്ത് പുറത്തേക്ക് പോകുന്നതിനുമുമ്പ് പരിഗണിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ‌‌സോങ്ക്രാൻ ആഘോഷങ്ങളുടെ സമയത്ത് തായ്ലൻഡിൽ റോഡപകടങ്ങൾ വലിയ തോതിൽ നടക്കാറുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് പ്രധാന കാരണം. ആഘേഷങ്ങൾക്കിടെ ലൈംഗിക പീഡനം നടന്നതായ പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

പുറത്തേക്ക് പോകുന്നവർ മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വാട്ടർപ്രൂഫ് പൗച്ചിൽ സൂക്ഷിക്കണം. കണ്ണിലേക്ക് വെള്ളവും പൊടിയും തെറിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ കണ്ണട ധരിക്കാം. തായ് ചുട്ടു പൊള്ളുന്ന സമയമാണിത്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെ പോകാറുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുക, തൊപ്പി ധരിക്കുക, സൺസ്ക്രീൻ ഉപയോ​ഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home