ad
Deshabhimani

സുബീൻ ​ഗാർഗിന്റെ മരണം; നാല് പേർക്കെതിരെ കൊലക്കുറ്റം: കുറ്റപത്രം സമർപ്പിച്ചു

subeen garg
വെബ് ഡെസ്ക്

Published on Dec 12, 2025, 04:30 PM | 2 min read

​ഗുവാഹത്തി : ​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണത്തിൽ പ്രത്യേക അന്വേഷക സംഘം കുറ്റപത്രം സമർപ്പിച്ചു. നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. വെള്ളിയാഴ്ച ഗുവാഹത്തി കോടതിയിലാണ് 3,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. സിം​ഗപ്പൂരിൽ ​ഗാർ​ഗ് പങ്കെടുക്കേണ്ടിയിരുന്ന എൻഇഐഎഫ് പരിപാടിയുടെ മുഖ്യ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരാണ് പ്രതികളെന്ന് അഭിഭാഷകർ പറഞ്ഞു. ഇവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഗാർഗിന്റെ ബന്ധുവും സസ്‌പെൻഷനിലായ അസം പൊലീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയും ചുമത്തിയിട്ടുണ്ട്.


സെപ്തംബർ 19നാണ് ദുരൂഹ സാഹചര്യത്തിൽ ​ഗായകൻ സുബീൻ ​ഗാർ​ഗ് സിം​ഗപ്പൂരിൽ വച്ച് മരണമടയുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർ​ഗ് സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം പുറത്തുവന്നിരുന്നത്. എന്നാൽ ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നും സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നുവെന്നും സിംഗപ്പുർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നുദിവസത്തെ നോർത്ത്‌ ഇ‍ൗസ്റ്റ്‌ മേളയ്‌ക്കായാണ് അസം സ്വദേശിയായ ​ഗായകൻ സിംഗപ്പൂരിലെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം സർക്കാർ സ്പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്തയുടെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചിരുന്നു. ഏഴ് പേരാണ് കേസിൽ ആകെ അറസ്റ്റിലായത്. സിംഗപ്പൂർ പൊലീസും സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്.


ഒക്ടോബർ 1 ന് ഡൽഹിയിൽ വെച്ചാണ് മഹന്തയെയും ശർമ്മയെയും അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ, ക്രിമിനൽ ഗൂഢാലോചന, അശ്രദ്ധ മൂലമുള്ള മരണത്തിന് കാരണക്കാരൻ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആദ്യം കേസെടുത്തത്. പിന്നീട് കൊലപാതകക്കുറ്റം കൂടി ചേർത്തു. സുബീൻ ഗാർഗിന്റെ ബന്ധുവും അസം പൊലീസ് ഡിഎസ്പിയുമായ സന്ദീപൻ ഗാർഗിനെ ഒക്ടോബർ 8 നാണ് അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് ചെയ്ത അന്നു തന്നെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. സുബീനൊപ്പം സിം​ഗപ്പൂരിലേക്ക് പോയ സംഘത്തിലും സുബീന്റെ അവസാന ബോട്ട് യാത്രയിലും സന്ദീപൻ ഒപ്പമുണ്ടായിരുന്നു. രണ്ട് പി‌എസ്‌ഒമാരെ ഒക്ടോബർ 10 നാണ് അറസ്റ്റ് ചെയ്തത്.


സുബീൻ ഗാർഗ് അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിൽ ​ഗാനം ആലപിച്ചിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്ത് എന്നിവർ അഭിനയിച്ച ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു. അനാമിക എന്ന ആൽബത്തിലൂടെ സംഗീത ലോകത്തിലേക്ക്‌ ചുവടുവച്ച സുബീൻ നിരവധി ഹിറ്റ്‌ ഗാനങ്ങൾ ആലപിച്ചു. ക്രിഷ് 3 ലെ ദിൽ തു ഹി ബടാ ഉൾപ്പെടെ നിരവധി ഹിറ്റുകൾ നേടി. മണിരത്നം ചിത്രം ദിൽസേയിൽ എ ആർ റഹ്‍മാന്റെ സം​ഗീതസംവിധാനത്തിൽ ഒരുങ്ങിയ പോഖി പോഖി ബിദേഖി എന്ന ട്രാക്കും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിവിധ ഭാഷകളിൽ ഈ ട്രാക്ക് പാടിയത് സുബീർ ​ഗാർ​ഗ് ആയിരുന്നു. ​നിരവധി ​ഗാനങ്ങൾ വിവിധ ഭാഷകളിലായി പാടിയ സുബീൻ ​ഗാർ​ഗ് സം​ഗീത സംവിധായകൻ, ​ഗാനരചയിതാവ്, അഭിനേതാവ്, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home