സരയൂ നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി; തെരച്ചിൽ

കാണാതായ ദീപക് ശർമ (ഇടത് ) (Photo: X)
ല്ഖനൗ: സരയൂ നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചു വലിച്ചു കൊണ്ടുപോയി. യുവാവിനായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30)യാണ് കാണാതായത്. അപകടത്തിൽപ്പെട്ട ഉടനെ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടു കിട്ടിയില്ല. ഈ സാഹചര്യത്തിൽ തെരച്ചിലിനായി ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന അംഗങ്ങളും രംഗത്ത് ഇറങ്ങും.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം. ഭാര്യാ മാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ദീപക് ശർമ. മൃതദേഹം ദഹിപ്പിക്കാനായി നദീയോരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയിൽ കുളിക്കാനിറങ്ങിയതിനിടെ ആണ് ദീപക്കിന് നേരെ മുതലയുടെ ആക്രമണമുണ്ടായത്. കൈയും കാലും കഴുകുന്നതിനിടെ പെട്ടെന്ന് പൊങ്ങിവന്ന മുതല യുവാവിൻ്റെ തലയിൽ കടിച്ചു വലിച്ചുകൊണ്ടുപോകുകയായിരുന്നു.
കുളിക്കാനിറങ്ങി നിമിഷങ്ങൾക്കകമായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. നദിയിൽ ഇറങ്ങരുതെന്ന നിർദേശങ്ങൾ അവഗണിച്ചുകൊണ്ടായിരുന്നു ദീപക് നദിയിൽ ഇറങ്ങിയത്. സംഭവത്തെ തുടർന്ന് പൊലീസും ജില്ലാ ഭരണകൂട അധികൃതരും സ്ഥലത്തെത്തി. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിശദ പരിശോധനയ്ക്കായി ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ ജില്ലാ ദുരന്ത നിവാരണ വിഭാഗം വിളിച്ചിട്ടുണ്ട്.











0 comments