ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം

മരിച്ചനിലയിൽ കണ്ടെത്തിയ പൂജ ദത്ത Image Credit : x.com/HateDetectors
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അഴുകിത്തുടങ്ങിയ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂജ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ചോരയിൽ കുളിച്ച്, നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. മുറിക്കുള്ളിൽ പേപ്പറുകൾ കീറിപ്പറിഞ്ഞ നിലയിൽ ചിതറിക്കിടക്കുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ഏപ്രിൽ 23-നാണ് പൂജയെ അവസാനമായി പുറത്തുകണ്ടതെന്ന് അയൽവാസികൾ മൊഴി നൽകി.
വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായതിനാൽ ആത്മഹത്യയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ഇതേ ഫ്ലാറ്റിലാണ് താമസം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.










0 comments